
newsdesk
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന വ്യാപക പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് നടത്തും എന്നും ബസ് ഉടമകളുടെ സംയുക്ത സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുകളുടെ സംയുക്ത സമര സമിതി ഗതാഗതമന്ത്രി ആന്റണി രാജുവിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ആന്റണി രാജുവിന്റെ മറുപടി തൃപ്തികരമല്ല എന്നാണ് ബസ് ഉടമകളുടെ പരാതി.
സീറ്റ് ബെല്‍റ്റ് കേന്ദ്ര നിയമമാണെന്നും ബസുകളില്‍ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകള്‍ തന്നെ മുന്നോട്ട് വെച്ചതാണെന്നുമായിരുന്നു രാജു പ്രതികരിച്ചത്. ബസ് ജീവനക്കാരെ കേസുകളില്‍ പ്രതികളാക്കുന്നത് തടയാനും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനും ക്യാമറ വേണമെന്ന് പറഞ്ഞത് ബസുടമകള്‍ തന്നെയാണ് എന്നും ആന്റണി രാജു പറഞ്ഞിരുന്നു.
നല്ല ഗുണനിലവാരമുള്ള ക്യാമറകള്‍കിട്ടുന്നില്ലെന്ന് ഉടമകള്‍ പറഞ്ഞപ്പോള്‍ മാസങ്ങളോളം സമയ പരിധി നീട്ടി നല്‍കിയതാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചിട്ടില്ല എന്നും നിയമം നടപ്പിലാക്കുകയാണ് ചെയ്യുന്നത് എന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. ബസ് ഉടമകളുടേത് അനാവശ്യ സമരമാണ് എന്നാണ് സര്‍ക്കാരിന്റെ വിമര്‍ശനം.