
NEWSDESK
കോഴിക്കോട്: വിദ്യാര്‍ഥിനിയെ ബസ് സ്‌റ്റോപ്പില്‍ ഇറക്കാതിരുന്ന സ്വകാര്യ ബസ്സിന് ട്രാഫിക് പോലീസ് പിഴ ചുമത്തി. താമരശ്ശേരി – നിലമ്പൂര്‍ റൂട്ടില്‍ ഓടുന്ന എ വണ്‍ എന്ന ബസ്സിനാണ് പിഴ ചുമത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം 5.30ഓടെയായിരുന്നു സംഭവം.
താമരശ്ശേരി പുതിയ ബസ്സ് സ്റ്റാന്റില്‍ നിന്നും ബസ്സില്‍ കയറിയ താമരശ്ശേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ +2 വിദ്യാര്‍ത്ഥിനിക്ക് ചുങ്കം പഴശ്ശിരാജ സ്‌കൂള്‍ സ്റ്റോപ്പിലായിരുന്നു ഇറങ്ങേണ്ടത്. എന്നാല്‍ സ്റ്റോപ്പില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ രണ്ടു കിലോമീറ്റര്‍ അകലെ കുടുക്കില്‍ ഉമ്മരം സ്റ്റോപ്പില്‍ കുട്ടിയെ ഇറക്കി വിടുകയായിരുന്നു.
ഇവിടെ നിന്നും ആളൊഴിഞ്ഞ പ്രദേശത്ത് കൂടെ തിരികെ നടന്ന് വീട്ടില്‍ എത്തിയ വിദ്യാര്‍ഥിനി ബന്ധുവിനൊപ്പം താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ബസ്സിന് പിഴ ചുമത്തിയതായും, ഡ്രൈവര്‍ക്ക് താക്കീത് നല്‍കിയതായും ട്രാഫിക് എസ്.ഐ സത്യന്‍ പറഞ്ഞു.
