
newsdesk
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ഒരുങ്ങി. ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്ന 68-ാമത് കേരള സ്കൂൾ കായികമേളയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് കായികതാരങ്ങൾ മാറ്റുരയ്ക്കും. കായികതാരങ്ങളും പരിശീലകരും ഒഫീഷ്യൽസും സംഘാടകരുമടക്കം പതിനയ്യായിരത്തോളം പേർ പങ്കെടുക്കുന്ന മേളയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.
പത്ത് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. 25-ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ 4,000 കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും 3,000 കുട്ടികൾ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും അരങ്ങേറും. സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെ പര്യടനം നടത്തുന്ന സ്വർണക്കപ്പ് ഘോഷയാത്രയും ദീപശിഖാ പ്രയാണവും അന്നേദിവസം കോഴിക്കോട്ടെത്തും. ഗൾഫ് മേഖലയിൽനിന്നുള്ള 48 കായികതാരങ്ങളുടെ പങ്കാളിത്തവും ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്.
പ്രധാന മത്സരങ്ങളായ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങൾ 27 മുതൽ 31 വരെ എൻ.ഐ.ടി. കോഴിക്കോട് കാമ്പസിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,800 താരങ്ങൾ അത്‌ലറ്റിക്സ് മത്സരങ്ങളിൽ പങ്കെടുക്കും. ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ, വടംവലി, കരാട്ടെ, വുഷു, സോഫ്റ്റ്ബോൾ, ബേസ്ബോൾ, യോഗ, നെറ്റ്ബോൾ തുടങ്ങിയ ഇനങ്ങൾ ജില്ലയിലെ വിവിധ സ്കൂളുകളിലും കോളജുകളിലുമായി സംഘടിപ്പിക്കും.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള ഇൻക്ലൂസീവ് മത്സരങ്ങൾക്കും മേളയിൽ പ്രാധാന്യം നൽകുന്നുണ്ട്. രണ്ടായിരത്തിലധികം കായികതാരങ്ങൾ പങ്കെടുക്കുന്ന ഈ മത്സരങ്ങൾ 26-ന് നടക്കും. മേളയുടെ സുഗമമായ നടത്തിപ്പിനായി കുന്ദമംഗലം എം.എൽ.എ. എം.എ. റസാഖിന്റെ നേതൃത്വത്തിൽ 17 സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണവിതരണത്തിനായി രണ്ട് പ്രധാന അടുക്കളകളും മത്സരവേദികളിൽ ഭക്ഷണശാലകളും കുട്ടികളുടെ യാത്രയ്ക്കായി സ്കൂൾ ബസുകളും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന മേളയ്ക്ക് മുന്നോടിയായി കോഴിക്കോട് ജില്ലാ സ്കൂൾ കായികമേള 16 മുതൽ 18 വരെ മെഡിക്കൽ കോളജ് ഒളിംപ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടക്കും. 17 ഉപജില്ലകളിൽനിന്നായി നാലായിരത്തിലധികം കായികതാരങ്ങൾ 90 ഇനങ്ങളിൽ മത്സരിക്കും. ജില്ലയിൽ കായികാവേശം ഉയർത്തുന്ന മത്സരങ്ങൾക്കു പിന്നാലെ സംസ്ഥാനതല കായികമാമാങ്കത്തിനും കോഴിക്കോട് വേദിയാകും.
