Site icon CTV Online

പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിലേക്ക്; സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകി

Web Desk

വിവാദങ്ങൾ ശക്തമായിരിക്കെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ദ്വീപിലേക്ക്. ഈ മാസം 16ന് ലക്ഷദ്വീപിൽ എത്തുന്ന അദ്ദേഹം 23വരെ ദ്വീപിൽ തുടരുമെന്നാണ് റിപ്പോർട്ട്. ദ്വീപിലെ ജനവാസ പ്രദേശങ്ങളിൽ പ്രഫുൽ ഖോഡ പട്ടേൽ സന്ദർശനം നടത്തും. ഈ സാഹചര്യത്തിൽ സുരക്ഷ കർശനമാക്കാൻ അധികൃതർ ദ്വീപിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പ്രദേശിക എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകിയിരിക്കുന്നത്.

സംവിധായികയും സാമൂഹ്യപ്രവര്‍ത്തകയുമായ ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതോടെ ലക്ഷദ്വീപ് ജനതയ്‌ക്കിടെയിൽ എതിർപ്പ് ശക്തമായിരിക്കെയാണ് അഡ്‌മിനിസ്‌ട്രേറ്റർ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ജൂൺ 20ന് കവരത്തി പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന് ഐഷയ്‌ക്ക് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷ സുൽത്താനയ്ക്കെതിരെ കവരത്തി പോലീസ് കേസെടുത്തത്.

ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപി ഘടകത്തിൽ കൂട്ടരാജി സമർപ്പിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളടക്കം 12 പേരാണ് രാജി വെച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേലിൻ്റെ വിവാദ നടപടികള്‍ക്കെതിരെ വൻ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവം.ചാനൽ ചര്‍ച്ചയ്ക്കിടെ പ്രഫുൽ പട്ടേലിനെ ‘ബയോവെപൺ’ (ജൈവായുധം) എന്ന് ഐഷ വിശേഷിപ്പിച്ചതാണ് കേസിന് ആധാരം. സംഭവം വിവാദമായതോടെ തൻ്റെ പ്രയോഗം പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും അദ്ദേഹത്തിൻ്റെ നയങ്ങല്‍ ജൈവായുധം പോലെ തോന്നിയതു കൊണ്ടാണെന്നും ഐഷ സുൽത്താന പിന്നീട് ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചിരുന്നു.

Exit mobile version