
newsdesk
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പുറത്തുനിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമുണ്ടായാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.
ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത പക്ഷം വൈകീട്ടത്തെ പീക്ക് സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 89 ദശലക്ഷം യൂണിറ്റായിരുന്നു. ഇതിൽ 74 ദശലക്ഷം യൂണിറ്റ് പുറത്തുനിന്ന് വാങ്ങിയാണ് ആവശ്യകത നിറവേറ്റിയത്. സംസ്ഥാനത്തെ അണക്കെട്ടുകളിൽ നിലവിൽ 30 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്.
അതേസമയം, 2028 ഏപ്രിൽ മുതൽ 200 മെഗാവാട്ട് സോളാർ വൈദ്യുതി വാങ്ങുന്നതിനുള്ള കരാറിന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. വരും വർഷങ്ങളിൽ വൈദ്യുതി ആവശ്യകതയും വിലയും വർധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വൈദ്യുതി വാങ്ങൽ കരാറുകളിലേക്ക് കെഎസ്ഇബി നീങ്ങുകയാണെന്നും അധികൃതർ അറിയിച്ചു.
