Site icon CTV Online

ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത;കോഴിക്കോട്, വിലങ്ങാട് മേഖലയിൽ ജാ​ഗ്രത നിർദ്ദേശം, ജനങ്ങളെ ഉടൻ മാറ്റിത്താമസിപ്പിക്കാൻ കലക്ടറുടെ ഉത്തരവ്

കോഴിക്കോട് : ജില്ലയിൽ വടകര താലൂക്കിൽ ഉൾപ്പെട്ട വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴയെത്തുടർന്ന് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ഈ പ്രദേശങ്ങളിലെ ജനങ്ങളെ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കലക്ടർ എം.എസ് മാധവിക്കുട്ടി ഉത്തരവിട്ടു. മാറ്റിത്താമസിപ്പിക്കലും ക്യാമ്പുകളുടെ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ വടകര ആർ.ഡി.ഒയെ നോഡൽ ഓഫീസറും വടകര തഹസിൽദാരെ അസി. നോഡൽ ഓഫീസറുമായി ചുമതലപ്പെടുത്തി.

വിലങ്ങാട് മലയോര മേഖലയിലെ ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ, പ്രത്യേകിച്ച് പുഴയോരങ്ങളിലും കുത്തനെയുള്ള ചരിവുകളിലും മുമ്പ് ഉരുൾപൊട്ടിയ സ്ഥലങ്ങൾക്ക് സമീപവും താമസിക്കുന്ന മുഴുവൻ ആളുകളെയും അടിയന്തരമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കണമെന്നാണ് ഉത്തരവ്. വാണിമേൽ, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് അധികൃതർ വടകര തഹസിൽദാർക്കൊപ്പം ചേർന്ന് പ്രദേശത്തെ സുരക്ഷിതമായ സ്‌കൂളുകളോ മറ്റ് പൊതുകെട്ടിടങ്ങളോ കണ്ടെത്തി ക്യാമ്പുകൾ ഉടൻ സജ്ജമാക്കണം. ക്യാമ്പുകളിൽ കൃത്യമായ കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, ശുചിമുറി സൗകര്യങ്ങൾ, മെഡിക്കൽ സഹായം എന്നിവ ഉറപ്പാക്കണം.

ഒഴിപ്പിക്കൽ നടപടികൾക്ക് ആവശ്യമായ പൊലീസിനെ വിന്യസിക്കാനും ക്യാമ്പുകൾക്കും ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്കും സുരക്ഷ നൽകാനും ജില്ലാ പൊലീസ് മേധാവിക്ക് (കോഴിക്കോട് റൂറൽ) നിർദേശം നൽകി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ടീമുകൾ ക്യാമ്പുകളിൽ നേരിട്ടെത്തി പരിശോധന നടത്തുകയും അടിയന്തിര മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുകയും വേണം.

വിലങ്ങാട് മേഖലയിലെ മലയോര റോഡുകളിലൂടെ രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെ അടിയന്തര ആവശ്യങ്ങൾക്കൊഴികെ യാത്ര നിരോധിച്ചു. അപകട മേഖലകളിലുള്ളവർ അധികൃതരുടെ നിർദേശങ്ങളോട് പൂർണമായി സഹകരിക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക മുന്നറിയിപ്പുകൾ മാത്രം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കും.

Exit mobile version