Site icon CTV Online

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈകിട്ട് ഏഴ് മണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് സമയത്താണ് നിയന്ത്രണത്തിന് സാധ്യത. 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി തടസപ്പെട്ടേക്കും.

ദേശീയതലത്തിൽ വൈദ്യുതി ലഭ്യത കുറഞ്ഞതാണ് നിയന്ത്രണത്തിന് പ്രധാന കാരണമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. പീക്ക് സമയത്ത് സംസ്ഥാനത്ത് 600 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതി കുറവാണ് നിലവിലുള്ളത്. പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതും മഴ കുറഞ്ഞതിനെ തുടർന്ന് ജലവൈദ്യുത നിലയങ്ങളിലെ ഉൽപ്പാദനം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായതായി കെഎസ്ഇബി വിശദീകരിച്ചു.

ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

Exit mobile version