
NEWSDESK
പ്രസവാനന്തരം സ്ത്രീകളിൽ കണ്ട് വരുന്ന ഏറ്റവും വലിയ അവസ്ഥയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. പലപ്പോഴും സ്ത്രീകള്‍ ഇത് തിരിച്ചറിയാറില്ല. മുന്‍കൂട്ടി കണ്ടെത്തി ചികിത്സയും കരുതലും നല്‍കേണ്ട അവസ്ഥകൂടിയാണ് ഇത്. അതിനാല്‍, ഗര്‍ഭിണികള്‍ കുഞ്ഞിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനും മുന്നില്‍ കാണേണ്ടതിന്റെ ആവശ്യകത എന്തെന്ന് നോക്കാം.
ഒരു സ്ത്രീ ഗര്‍ഭം ധരിക്കുമ്പോള്‍ മാത്രമല്ല പ്രസവാനന്തരവും പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. പലരും വേദന അല്ലെങ്കില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം എന്ന ധാരണയിലായിരിക്കും. എന്നാല്‍, ഇത് മാത്രമല്ല, മാനസിക ബുദ്ധിമുട്ടുകളും ഇവരില്‍ കാണപ്പെടാം. അതില്‍ തന്നെ ഏറ്റവും ഭീകരമായ ഒരു അവസ്ഥയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. ഇന്ന് മിക്ക സ്ത്രീകളിലും പ്രസവശേഷം ഈ അവസ്ഥ കണ്ടുവരുന്നുണ്ട്. എന്നാല്‍, പലപ്പോഴും കുടുംബക്കാരും സ്വന്തക്കാരും ഈ അവസ്ഥ എന്താണെന്ന് കൃത്യമായി മനസ്സിലാക്കിയെന്ന് വരില്ല. അതിനാല്‍, ഒരു സ്ത്രീ അമ്മയാകാന്‍ തയ്യാറെടുക്കുമ്പോള്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ നേരിടാനും തയ്യാറെടുപ്പുകള്‍ നടത്തേണ്ടത് അനിവാര്യമാണ്.
എന്താണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍
പ്രസവാനന്തരം സ്ത്രീകളില്‍ കണ്ടുവരുന്ന അവസ്ഥയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍. എന്തെന്നില്ലാത്ത കാരണത്തിന് ഇവര്‍ക്ക് വിഷമം തോന്നാം. കുഞ്ഞിനോട്് ഒട്ടും സ്‌നേഹം തോന്നാത്ത അവസ്ഥ. കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, പെട്ട് ദേഷ്യം വരിക, അല്ലെങ്കില്‍ സങ്കടപ്പെടുക എന്നിങ്ങനെ അവരാല്‍ നിയന്ത്രിക്കാന്‍ സാധിക്കാത്ത പല അവസ്ഥകളിലൂടെ ഒരു പ്രസവിച്ച് കിടക്കുന്ന സ്ത്രീ കടന്ന് പോകാം. ഇത്തരം അവസ്ഥകള്‍ക്ക് കാരണം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനാണ്.
വരുന്നതിന്റെ കാരണം
പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ വരുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് അവരില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെയാണ്. കുഞ്ഞിന് ജന്മം നല്‍കി കഴിയുമ്പോള്‍ അത് പലപ്പോഴും പെട്ടെന്ന് പെട്ടെന്നുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കൂടാതെ, ഈസ്ട്രജന്‍, അതുപോലെ, പ്രോജെസ്‌റ്റെറോണ്‍ എന്നിവയിലുണ്ടാകുന്ന വ്യതിയാനങ്ങളും ഇവരുടെ മൂഡ് സ്വിംഗ്‌സിന് കാരണമാകുന്നു.ഇത് കൂടാതെ, വീട്ടുകാരില്‍ നിന്നും ആരുടേയും പിന്തുണ ഇല്ലാതിരിക്കുന്നത് ഇവരെ ഡിപ്രഷനിലേയ്ക്ക് നയിക്കാം. ഭാര്യ- ഭര്‍ത്താക്കന്മാര്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അതും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ ആക്കം കൂട്ടുന്നതിന് പ്രധാന കാരണമാണ്. കൂടാതെ, പെട്ടെന്ന് പ്ലാന്‍ ചെയ്യാതെ ഉണ്ടാകുന്ന ഗര്‍ഭധാരണവും പ്രസവവുമാണെങ്കില്‍ അതും അവരുടെ മാനസികാവസ്ഥയെ ബാധിക്കാം. അതും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലേയ്ക്ക് നയിക്കുന്നുണ്ട്.
ലക്ഷണങ്ങള്‍
പ്രസവാനന്തരം സ്ത്രീകളില്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടെങ്കില്‍ അവരില്‍അ മിതമായി ക്ഷീണം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അതുപോലെ, കുഞ്ഞ് കരയുമ്പോള്‍ ദേഷ്യം വരിക, കുഞ്ഞിനെ ഉപദ്രവിക്കാന്‍ തോന്നല്‍, സ്വയം അത്മഹത്യ ചെയ്യാന്‍ തോന്നല്‍ എന്നിവ കാണാം. എല്ലാ കാര്യത്തിലും ദേഷ്യം വരാം. ചിലപ്പോള്‍ പെട്ടെന്ന് കരച്ചില്‍ വരുന്നതും വിശപ്പില്ലായ്മ, ഒന്നിലും താല്‍പര്യം ഇല്ലാത്ത അവസ്ഥ, കുഞ്ഞിനോട് വെറുപ്പ് തോന്നുക എന്നിവയെല്ലാം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നതാണ്.
എടുക്കേണ്ട മുന്‍കരുതലുകള്‍
പ്രസവിക്കുന്നതിന് മുന്‍പേ തന്നെ എന്താണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. എന്തെല്ലാം മാറ്റങ്ങള്‍ നിങ്ങളില്‍ സംഭവിക്കാം എന്ന് സ്വയം മനസ്സിലാക്കണം. അതുപോലെ, ഇതിനെക്കുറിച്ച് ഭര്‍ത്താവിനേയും വീട്ടുകാരേയും പറഞ്ഞ് മനസ്സിലാക്കണം. ഇത്തരത്തില്‍ സ്വയം അവബോധം നല്‍കുന്നത് ലക്ഷണങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാനും ചികിത്സ തേടാനും സഹായിക്കുന്നതാണ്. അതുപോലെ, ഈ സമയത്ത് ഒറ്റപ്പെടല്‍ അനുഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വീട്ടുകാരുടേയും അതുപോലെ, സുഹൃത്തുക്കളുടേയും ഭര്‍ത്താവിന്റേയുമെല്ലാം പിന്തുണ നല്ലരീതിയില്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. നിങ്ങളെ കൊണ്ട് കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ല എങ്കില്‍ ഡോക്ടറുടെ സഹായത്തോടെ തന്നെ നിങ്ങള്‍ക്ക് ഡിപ്രഷന്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി ഒരിക്കലും മടി കാണിക്കാതിരിക്കാന് ശ്രദ്ധിക്കണം. നിങഅങള്‍ കൃത്യസമയത്ത് ഡോക്ടറെ കാണിച്ചില്ലെങ്കില്‍ അത് ചിലപ്പോള്‍ നിങ്ങളുടെ ആരോഗ്യത്തേയും മാനസികാരോഗ്യത്തേയും ബാധിക്കാം.
ഇതില്‍ വീട്ടുകാരും ഭര്‍ത്താക്കന്മാരും ശ്രദ്ധിക്കേണ്ടതും നല്‍കേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്. ഇവര്‍ പറയുന്ന കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കാന്‍ തയ്യാറാകണം. ഇവരില്‍ സംഭവിക്കുന്ന മാറ്റങ്ങളും സ്വഭാവത്തിലെ മാറ്റങ്ങളും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെയാണ് എന്ന് മനസ്സിലാകി പെരുമാറുക. ഇവരോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. അത് അവരെ കൂടുതല്‍ വിഷമത്തിലാക്കും. അതുപോലെ, അവരുടെ പരാതികള്‍ക്ക് പ്രാക്ടിക്കല്‍ ആയിട്ടുള്ള പരിഹാരം നിര്‍ദ്ദേശിക്കുക. അവരുടെ കൂടെ തന്നെ നില്‍ക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, ആവശ്യമെങ്കില്‍ ഡോക്ടറെ കാണിക്കാന്‍ ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്.