Site icon CTV Online

പ്രശസ്ത കവയിത്രി സുഗത കുമാരി അന്തരിച്ചു

Report: Web Desk

പ്രശസ്ത കവയിത്രി സുഗത കുമാരി അന്തരിച്ചു .കവിയും സാമൂഹ്യ, പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി അന്തരിച്ചു. കൊവിഡ് ബാധിതയായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 86 വയസായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് സംസ്ഥാന സർക്കാർ ഇടപെട്ടാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ എത്തുമ്പോൾ ന്യുമോണിയയുടെ ഭാഗമായ ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.

1996ൽ സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷയാകാനുളള നിയോഗവും സുഗതകുമാരിക്കായിരുന്നു. അഭയഗ്രാമം, അത്താണി, എന്നിങ്ങനെ സമൂഹത്തിന് തണലൊരുക്കിയ സ്ഥാപനങ്ങളുടെ അമരക്കാരിയുമായി. മനോനില തെറ്റിയവർക്കും ആരുമില്ലാത്തവർക്കും അസുഖങ്ങളാൽ തകർന്നുപോയവർക്കുമെല്ലാം താങ്ങായി സുഗതകുമാരി നിലകൊണ്ടു. കർമ്മഭൂമി പൊതുപ്രവർത്തനമെങ്കിലും രാഷ്ട്രീയത്തിലേക്കുളള ക്ഷണം എല്ലാകാലത്തും അവർ നിരസിച്ചിരുന്നു.

കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്നു സുഗതകുമാരി. സൈലൻ്റ് വാലി പ്രക്ഷോഭം മുതൽ എറ്റവും ഒടുവിൽ സൈബർ ഇടങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ വരെ സുഗതകുമാരി ശക്തമായി ശബ്ദമുയർത്തി.നിലപാടുകൾ കൊണ്ട് എക്കാലവും തലയുയർത്തി നിന്ന് പെൺകരുത്തിന്റെ പ്രതീകമായി സുഗതകുമാരി എന്നും മനുഷ്യ മനസ്സിൽ ജീവിക്കും

Exit mobile version