
WebDesk
വര്‍ക്കലയിലുള്ള ബാറില്‍ നിന്നാണ് പ്രതികള്‍ മദ്യപിച്ചത്. രാജുവിനെ കൊല്ലാനുള്ള ഗൂഢാലോചന പ്രതികള്‍ നടത്തിയത് ഈ ബാറില്‍വെച്ചാണെന്നും പൊലീസ് അറിയിച്ചു. പ്രതികളുമായെത്തി പൊലീസ് ബാറില്‍ തെളിവെടുത്തു. ഇതിന് പിന്നാലെ രാജുവിന്റെ വീട്ടിലും പ്രതികളെ എത്തിച്ചു. പ്രതികള്‍ക്കെതിരെ രാജുവിന്റെ ബന്ധുക്കള്‍ കടുത്ത രോഷമാണ് അഴിച്ചുവിട്ടത്.
കഴിഞ്ഞ ദിവസമാണ് കല്ലമ്പലത്ത് ക്രൂര കൊലപാതകം അരങ്ങേറിയത്. രാജുവിന്റെ അയല്‍വാസികൂടിയായ ജിഷ്ണുവും സുഹൃത്തുക്കളുമാണ് കൊല നടത്തിയത്. മകളെ വിവാഹം കഴിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ജിഷ്ണു പല തവണ രാജുവിനെ സമീപിച്ചിരുന്നു. എന്നാല്‍ ജിഷ്ണുവിന്റെ ക്രിമിനല്‍ പശ്ചാത്തലം കാരണം രാജു വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. ഇതിനിടെ രാജു മകളുടെ വിവാഹം നിശ്ചയിച്ചു. വിവാഹ ദിനം പുലര്‍ച്ചെയാണ് ജിഷ്ണുവും സംഘവുമെത്തി രാജുവിനെ ആക്രമിച്ചത്. ആദ്യം ആക്രമിച്ചത് മകളെയായിരുന്നു. തടയാനെത്തിയ രാജുവിന്റെ ഭാര്യയ്ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
