
Web Desk
പൊലീസുകാരനെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പത്തനംതിട്ട പെരുമ്പട്ടി പൊലീസ് സ്‌റ്റേഷനിലെ സിപിഒ അനീഷിനെയാണ് ചെങ്ങന്നൂർ പ്രാവിൻകൂട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി സമ്മർദ്ദമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് ആരോപണം. അതേസമയം, ആത്മഹത്യാക്കുറിപ്പോ മറ്റോ കണ്ടെടുത്തതായി റിപ്പോർട്ടില്ല. ശനിയാഴ്ച രാവിലെ ജോലി കഴിഞ്ഞ് ചെങ്ങന്നൂരിലെ വീട്ടിലെത്തിയ അനീഷ് അമ്മയോട് ജോലിയുടെ സമ്മർദത്തെക്കുറിച്ച് സൂചിപ്പിച്ച ശേഷമാണ് മുകൾനിലയിലെ മുറിയിലേക്ക് പോയത്. ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ ഉച്ചയ്ക്ക് അമ്മ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. അമ്മയുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ അനീഷിനെ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
