Site icon CTV Online

പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമം: പൊലീസുകാരൻ അറസ്റ്റിൽ, സസ്പെൻഷൻ

കണ്ണൂർ∙ തളാപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച പൊലീസുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. എആർ ക്യാംപ് ഡ്രൈവർ കെ.സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെട്രോൾ അടിച്ച പണം മുഴുവൻ നൽകാതെ പോകാൻ ശ്രമിച്ച കാറിനെ, പമ്പ് ജീവനക്കാരൻ അനിൽകുമാർ തടഞ്ഞതോടെയാണു ക്രൂരത. സന്തോഷ് കുമാറിനെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. വധശ്രമത്തിനാണ് സന്തോഷിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാൾ പെട്രോൾ അടിച്ചതിന്റെ പണത്തിന്റെ ബാക്കി ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് പമ്പ് ജീവനക്കാരൻ അനിൽ അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണു സംഭവമുണ്ടായത്. തളാപ്പിലെ ഭാരത് പെട്രോൾ പമ്പില്‍ സ്വന്തം കാറിലെത്തിയ സന്തോഷ് 2100 രൂപയ്ക്ക് പെട്രോൾ അടിക്കാനായി ആവശ്യപ്പെട്ടു. എന്നാൽ 1900 രൂപ മാത്രം നൽകിയ സന്തോഷ് ബാക്കി 200 രൂപ നൽകാൻ കൂട്ടാക്കിയില്ല. ബാക്കി പണം ചോദിച്ചപ്പോൾ വാഹനത്തിൽ അടിച്ച പെട്രോൾ തിരിച്ചെടുത്തോയെന്ന വിചിത്രമായ മറുപടിയാണ് ഇയാൾ നൽകിയതെന്നു ജീവനക്കാരനായ അനിൽ കുമാർ ആരോപിച്ചു. ഇതിനിടെ കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ അനിൽകുമാർ തടഞ്ഞു. ഇതോടെ കാറിന്റെ ബോണറ്റിലിരുത്തി അനിലുമായി സന്തോഷ് വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. 600 മീറ്റർ ദൂരം ഇത്തരത്തിൽ സന്തോഷ് കുമാർ കാർ ഓടിച്ചു പോയി. കഴിഞ്ഞ ഒക്ടോബറിൽ കാൽടെക്സിലെ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയ കേസിലും സന്തോഷ് പ്രതിയാണ്.

Exit mobile version