
Web Desk
കോഴിക്കോട് ബീച്ചില്‍വെച്ച് വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ അക്രമിച്ച സംഭവത്തില്‍ ബേപ്പൂര്‍ സ്വദേശി പിടിയിലായി. ആര്‍ എസ് എസ് പ്രവര്‍ത്തകനായ വെള്ളയില്‍ മോഹൻ ദാസാണ് പിടിയിലായത്. അക്രമ കാരണം വ്യക്തമല്ല. ആക്രമിച്ച സമയത്ത് പ്രതി മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. അക്രമത്തിനിടെ പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പൊലിസ് അറിയിച്ചു. ബിന്ദു അമ്മിണിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ബുധനാഴ്ചയായിരുന്നു ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചില്‍ വെച്ച് ഒരാള്‍ ആക്രമിച്ചത്. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. പ്രതിക്കെതിരെ അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അടുത്തിടെ തനിക്കെതിരെ കൊലപാതക ശ്രമം നടന്നതായി ബിന്ദു അമ്മിണി പരാതിപ്പെട്ടിരുന്നു. ഓട്ടോറിക്ഷ ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു അവര്‍ പൊലിസില്‍ നല്‍കിയ പരാതി. കൊയിലാണ്ടിക്കടുത്ത് പൊയില്‍കാവില്‍ വെച്ച് ഇവരെ ഇടിച്ച് തെറിപ്പിച്ച ഓട്ടോറിക്ഷ നിര്‍ത്താതെ പോവുകയായിരുന്നു. പിന്നീട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. സംഘപരിവാര്‍ നിര്‍ദേശത്തോടെ തന്നെ വധിക്കാനുള്ള ശ്രമമാണ് നടന്നതെന്നായിരുന്നു ബിന്ദു അമ്മിണിയുടെ ആരോപണം. ഇതിന് മുമ്പും ഇതുപോലെ വധശ്രമങ്ങള്‍ നടന്നതായും അവര്‍ വ്യക്തമാക്കി.
