
newsdesk
തൃശൂർ ∙ സ്കൂളിൽ ഓണം ആഘോഷിക്കുന്നതിൽ നിന്ന് ഒരു വിഭാഗം വിദ്യാർഥികളെ വിലക്കിക്കൊണ്ട് അധ്യാപിക ശബ്ദസന്ദേശം അയച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ കടവല്ലൂർ യൂണിറ്റ് കുന്നംകുളം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് അധ്യാപികയ്‌ക്കെതിരെ ഭാരതീയ ന്യായ സംഹിത 192–ാം വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
കടവല്ലൂർ പഞ്ചായത്തിലെ കല്ലുംപുറത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിലെ വാട്സാപ് ഗ്രൂപ്പിലാണ് ഒരു വിഭാഗം വിദ്യാർഥികളെ ഓണം ആഘോഷിക്കുന്നതിൽ നിന്ന് വിലക്കിയുള്ള അധ്യാപികയുടെ സന്ദേശം വന്നത്. അതിനിടെ സംഭവത്തിൽ പ്രതിഷേധിച്ച് സ്കൂളിലേക്ക് ഇന്ന് സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ മാർച്ച് നടന്നു. സസ്പെൻഷൻ നൽകി വിഷയം ഒതുക്കാതെ മാനേജ്മെൻ്റ് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അധ്യാപികയെ പുറത്താക്കി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ഓണാഘോഷം സ്കൂളിൽ നടത്തണമെന്നും സിപിഎം പ്രവർത്തകർ ആവശ്യപ്പെട്ടു.
വിഷയത്തിൽ അടിയന്തര തീരുമാനം ഉണ്ടായില്ലെങ്കിൽ കൂടുതൽ സമരമാർഗവുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ അറിയിച്ചു. പ്രതിഷേധ മാർച്ച് കുന്നംകുളം പൊലീസ് തടഞ്ഞു.
