newsdesk
മലപ്പുറം: പോലീസുമായി ഇടപെടൽ നടത്തുമ്പോൾ മോശം അനുഭവം ഉണ്ടാകാറുണ്ടോ? അതിനെതിരെ പരാതി എവിടെ നൽകുമെന്ന് അറിയാതെ സംഭവം വിട്ടുകളയാറാണോ പതിവ്. എന്നാൽ ഇനി അങ്ങനെ എവിടെ പരാതി നൽകുമെന്ന് അറിയാതെ ബുദ്ധിമുട്ടേണ്ട. പൊലിസിന്റെ പെരുമാറ്റത്തിൽ നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഓൺലൈനായി പരാതി നൽകാം. ക്യുആർ കോഡ് സ്‌കാൻചെയ്താണ് ഇനി ഓൺലൈനായി പരാതി നൽകാൻ കഴിയുക. പദ്ധതി ഇന്ന് മലപ്പുറം ജില്ലയിൽ നിലവിൽ വരും. വൈകാതെ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കും.
മലപ്പുറം ജില്ലയിയിലും തൃശ്ശൂർ സിറ്റിയിലുമാണ് തുടക്കത്തിൽ ഈ സേവനം ലഭ്യമാവുക. സംസ്ഥാന വ്യാപകമായി പദ്ധതി ഉടൻ നടപ്പിലാക്കും. സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവർക്ക് പൊലിസുകാരുടെ പെരുമാറ്റത്തിൽ പരാതികളുണ്ടെങ്കിൽ അവിടെത്തന്നെയുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് പരാതി നൽകാം. ഇങ്ങനെ നൽകുന്ന പരാതികൾ ജില്ലാ പൊലിസ് മേധാവിയുടെ ഓഫീസിലാണ് ലഭിക്കുക. അതിനാൽ വൈകാതെ പരാതിയിൽ നടപടിയുണ്ടാകും.
പൊലിസിൽ നൽകുന്ന പരാതി സ്വീകരിക്കാൻ പൊലിസ് തയാറാകുന്നില്ലെങ്കിലും ഓൺലൈനിൽ പരാതി നൽകാം. സ്റ്റേഷനുകളിൽ ക്യുആർ കോഡ് പതിച്ചിട്ടുണ്ട്. പൊലിസിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ ഓൺലൈൻ സംവിധാനങ്ങൾ സഹായകമാകുമെന്ന് ജില്ലാ പൊലിസ് മേധാവി എസ്. ശശിധരൻ പറഞ്ഞു.