ചെെനയിലെ അതിവേഗം പടരുന്ന ന്യുമോണിയ ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടില്ല; റിപ്പോർട്ട് തള്ളി കേന്ദ്രം

ന്യൂഡൽഹി: ചെെനയിൽ അതിവേഗം പടർന്ന് പിടിക്കുന്ന കുട്ടികളുടെ ന്യുമോണിയ ഇന്ത്യയിലും സ്ഥിരീകരിച്ചെന്ന റിപ്പോർട്ട് തള്ളി കേന്ദ്രം. റിപ്പോർട്ട് വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡൽഹി എയിംസിൽ ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചതായി അടുത്തിടെ ഒരു ഇംഗ്ലീഷ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ മെെകോപ്ലാസ്മ ന്യുമോണിയ രാജ്യത്ത് സാധാരണയായി കാണാറുള്ളതാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത്. നിരീക്ഷണത്തിന്റെ ഭാഗമായി സാമ്പിൾ ശേഖരിച്ചതിൽ ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ കേസുകൾക്ക് ചെെനയിലെ രോഗ വ്യാപനവുമായി യാതൊരു ബന്ധവുമില്ലെന്നും കർശന നിരീക്ഷണം തുടരുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.അതേസമയം, വീണ്ടുമൊരു മഹാമാരിയുടെ മുന്നറിയിപ്പ് നൽകി ചൈനയിൽ നിഗൂഢമായ ഒരു ന്യുമോണിയ പടർന്ന് പിടിക്കുന്നതായി റിപ്പോർട്ടുണ്ട്. കുട്ടികളിലാണ് ഈ രോഗം വ്യാപകമാകുന്നത്. വടക്കൻ ചൈനയിലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. കുട്ടികളിൽ പടർന്ന് പിടിച്ചതിനാൽ രോഗം വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്.പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമികമായി റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങൾ. ഇത് സാധാരണ ന്യുമോണിയയുമായി സാമ്യമുള്ളതാണെങ്കിലും തീവ്രത പതിന്മടങ്ങാണ്. ചൈനയിലും ഉത്ഭവിച്ച കൊവിഡ് മഹാമാരി ഉണ്ടാക്കിയ ആഘാതം കണക്കിലെടുത്ത് പുതിയ ആരോഗ്യഭീഷണിയെ ലോകാരോഗ്യ സംഘടന വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

error: Content is protected !!