Site icon CTV Online

സ്വാമിയെ ശരണമയ്യപ്പാ; കോന്നിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Web Desk

കോന്നിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത് ശരണം വിളികളോടെ. സ്വാമിയെ ശരണമയ്യപ്പാ എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു മോദിയുടെ പ്രസംഗം ആരംഭിച്ചത്. ഇത് ശബരിമല അയ്യപ്പന്റെ മണ്ണാണെന്നും അദ്ദേഹം പറഞ്ഞു. ഇ. ശ്രീധരന്‍ കേരളരാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ക്ക് ആര്‍ത്തിയും ധാര്‍ഷ്ട്യവുമാണ്. യുഡിഎഫും എല്‍ഡിഎഫും അജയ്യരെന്ന് സ്വയം കരുതുന്നു, അവര്‍ക്ക് അടിത്തറ നഷ്ടപ്പെട്ടു. അഴിമതി നടത്തുന്നതില്‍ യുഡിഎഫും എല്‍ഡിഎഫും മത്സരിക്കുകയാണ്. അധികാരഭ്രമം കാരണം വര്‍ഗീയ ശക്തികളുമായി ഇരുമുന്നണികളും ബന്ധമുണ്ടാക്കുന്നു– മോദി ആരോപിച്ചു.

മുത്തലാഖ് നിരോധനത്തോട് മുസ്‍ലിം ലീഗിന്റെ നിലപാട് എന്താണ്? എസ്ഡിപിഐ പോലുള്ള സംഘടനകളുടെ കാര്യത്തില്‍ എന്താണ് നിലപാട് എന്നും ചോദിച്ച മോദി ശബരിമല വിഷയവും ഉന്നയിച്ചു. ഏത് സര്‍ക്കാര്‍ സ്വന്തം ജനങ്ങള്‍ക്കുമേല്‍ ലാത്തികള്‍ വര്‍ഷിക്കും എന്നായിരുന്നു ചോദ്യം.

എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ കുടുംബാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. മുതിര്‍ന്ന എല്‍ഡിഎഫ് നേതാവിന്റെ മകന്റെ ചെയ്തികള്‍ നാട് കണ്ടുകൊണ്ടിരിക്കുന്നു. ഭരണത്തില്‍ ശ്രദ്ധിക്കാന്‍ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ക്ക് സമയമില്ല. ബിജെപിയിൽ ഇ.ശ്രീധരനടക്കമുള്ള പ്രഫഷണലുകളുടെ വരവ് നിര്‍ണായകമാകുമെന്നും മോദി പറഞ്ഞു.ബി.ജെ.പിയെ അധികാരത്തിലേറ്റാന്‍ കേരളം തയ്യാറായിക്കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

Exit mobile version