ഗവർണർക്കെതിരെ പ്രതിഷേധം തുടരും’; പ്രതിപക്ഷ സംഘടനകൾ മൗനം തുടരുന്നത് ഗൗരവകരമെന്ന് പിഎം ആർഷോ

ഗവർണക്കെതിരെയുള്ള എസ്എഫ്ഐയുടെ വിവാദ പ്രതിഷേധത്തിൽ പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. സംഘപരിവാർ പ്രതിനിധികളെ ഗവർണർ സർവകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തതിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള വലതുപക്ഷ സംഘടനകൾ മൗനം പുലർത്തുന്നത് ഗൗരവകരമാണെന്ന് ആർഷോ കുറ്റപ്പെടുത്തി. ഗവർണർക്കെതിരെ പ്രതിഷേധം തുടരുമെന്നും ആർഷോ .

സംഭവത്തിൽ ലീഗ് നേതൃത്വത്തിന്റെ മൗനം തുടരുകയാണ്. കോഴിക്കോട് സർവകലാശാലയിൽ സെനറ്റ് നോമിനേഷൻ നൽകിയപ്പോൾ കോൺഗ്രസിന്റെയും ലീഗിന്റെയും പ്രതിനിധികൾ ഉൾപ്പെട്ടു. എങ്ങനെയാണ് ബിജെപി ഓഫീസിൽ നിന്ന് നൽകിയ ലിസ്റ്റിൽ ഇവർ ഉൾപ്പെട്ടത്. പ്രത്യുപകാരമായിട്ടാണോ കോൺഗ്രസ് ഗവർണർക്ക് കുടപിടിക്കുന്നത് എന്ന് വ്യക്തമാക്കണം. കേരളത്തിലെ സർവകലാശാല കാവിവത്കരിക്കുമ്പോൾ ഗവർണർക്ക് ചുറ്റും വലയം തീർക്കുന്ന തിരക്കിലാണ് കോൺഗ്രസ് നേതാക്കൾ. എസ്എഫ്ഐ സമരം സർവകലാശാലകളെ സംരക്ഷിക്കാനാണ്. ക്യാമ്പസുകളിൽ ചാൻസലർ എത്തിയാൽ തടയുമെന്നത് എസ്എഫ്ഐയുടെ ഉറച്ച നിലപാട്. 16ന് ഗവർണർ മടങ്ങിയെത്തിയാൽ കോഴിക്കോട് തടയുമെന്നും ആർഷോ പറഞ്ഞു.

ഗവർണറുടെ വാഹനം എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞ് പ്രതിഷേധിച്ചത് സ്റ്റേറ്റിനെതിരെയുള്ള ഗുരുതര കുറ്റകൃത്യമെന്ന് പൊലീസ് പറയുന്നു. ഗവർണറെ പൊതുസ്ഥലത്ത് തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചതായി പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, എസ്എഫ്‌ഐ പ്രതിഷേധം സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം കേന്ദ്രത്തിന് റിപ്പോർട്ട് നൽകാനാണ് രാജ്ഭവൻ്റെ തീരുമാനം.

എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഗുരുതരമായ പരാമർശമുള്ളത്. ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചത് സ്റ്റേറ്റിനെതിരെയുള്ള ഗുരുതരമായ കുറ്റകൃത്യമാണ്. ഗവർണറെ പൊതുസ്ഥലത്ത് തടഞ്ഞു അന്യായമായി ആക്രമിക്കാൻ ശ്രമിച്ചു. ഗവർണറുടെ വാഹനത്തിന് നാശനഷ്ടം സംഭവിച്ചു. 76,357 രൂപയുടെ നാശനഷ്ടമുണ്ടായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്താനുള്ള ഗവർണറുടെ നിർദേശത്തെ തുടർന്ന് പൊലീസ് ഐപിസി 124 ചുമത്തിയിരുന്നു.

ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കർശനമായ ഐപിസി 124 ആം വകുപ്പ് കൂടി ചുമത്തിയത്. രാഷ്ട്രപതിയെയോ ഗവർണറെയോ തടയുന്നതിനെതിരെയുള്ള ഗുരുതരമായ വകുപ്പാണ് ഐപിസി 124. ഏഴ് വർഷം കഠിനതടവ് ലാഭിക്കാം. പൊതുമുതൽ നശിപ്പിക്കൽ വകുപ്പും ചുമത്തി.

error: Content is protected !!