newsdesk
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങുമ്പോൾ എസ്എസ്എൽസി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികൾ പോലും വീട്ടിലിരിക്കേണ്ട ഗതികേടില്‍. മുഴുവന്‍ എ പ്ലസ് നേടിയവര്‍ പോലും ക്ലാസിന് പുറത്താണ്. ഫുള്‍ എ പ്ലസ് നേടിയ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹസ്നയെ പോലെ ഇനി എന്ത് എന്ന് ചിന്തിച്ച് അഡ്മിഷൻ ലഭിക്കാത്ത ഒരുപാട് വിദ്യാര്‍ത്ഥികളുണ്ട്. ഹസ്ന അപേക്ഷിച്ചത് പത്ത് സ്കൂളുകളിലാണ്.
സാമ്പത്തിക ബാധ്യത കാരണം ബദല്‍ മാര്‍ഗം തേടാനാകില്ലെന്ന് രക്ഷിതാക്കളും വേദനയോടെ പറയുന്നു. ചാലപ്പുറം ഗണപത് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് മികച്ച വിജയം നേടിയ ഹസ്ന എന്ന കുട്ടിയാണ് ഇന്ന് പ്ലസ് വൺ ക്ലാസ് തുടങ്ങുമ്പോൾ വീട്ടിലിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങുമ്പോഴും മലപ്പുറത്തെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം ആയിട്ടില്ല.
അതിശക്തമായ സമരത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ സംഘടനകൾ. അതേസമയം, സംസ്ഥാനത്ത് പ്ലസ് വൺ സപ്ലിമെന്‍ററി പ്രവേശന നടപടികൾ ജൂലൈ രണ്ടിന് ആരംഭിക്കും. സ്പോർട്സ് ക്വാട്ട, എയ്ഡഡ് സ്‌കൂൾ ക്വാട്ട പ്രവേശനം ജൂലൈ ഒന്നിന് മുൻപ് പൂർത്തിയാകും. പ്ലസ് വണ്‍ അഡ്മിഷൻ കിട്ടാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ സ്കൂളിന് പുറത്ത് പ്ലക്കാര്‍ഡുമായി ഇന്ന് പ്രതിഷേധിക്കുന്നുണ്ട്. എസ്എഫ്എയുടെ സമരവും ഇന്നാണ്. 2076 സർക്കാർ എയിഡഡ്-അൺ എയിഡഡ് ഹയർസെക്കന്‍ററി സ്കൂളുകളിലാണ് ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്.
ഇത്രയും വേഗത്തിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാൻ കഴിഞ്ഞത് വിദ്യാഭ്യാസവകുപ്പിന്‍റെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങളുടെ ഫലമാണെന്നാണ് മന്ത്രി വി ശിവൻകുട്ടി പറയുന്നത്. 2023 ൽ ജൂലൈ 5 നും 2022 ൽ ഓഗസ്റ്റ് 25 നുമാണ് ക്ലാസുകൾ തുടങ്ങിയിരുന്നത്. ഏകദേശം മൂന്നേകാൽ ലക്ഷം വിദ്യാർത്ഥികൾ സ്ഥിരപ്രവേശനം നേടിയ ശേഷമാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഇനിയും അഡ്മിഷൻ ലഭിക്കാനുള്ളവർക്ക് സപ്ലിമെന്‍ററി അലോട്ട്മെന്‍റ് സമയത്ത് അഡ്മിഷൻ ലഭിക്കുന്നതാണ്. അതും വളരെവേഗം പൂർത്തിയാക്കുന്നതായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.