Site icon CTV Online

ഹരിത മുന്‍ നേതാക്കളുടെ പരാതി; പി കെ നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Web Desk

ഹരിത മുന്‍ നേതാക്കളുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കോഴിക്കോട് വെള്ളയില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പി കെ നവാസ് സ്ത്രീത്വത്തെ അപമാനിച്ചെന്ന് വ്യക്തമാക്കുന്നു. എംഎസ്എഫിന്റെ മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുള്‍ വഹാബിനെ കുറ്റപത്രത്തില്‍ നിന്നൊഴിവാക്കി. കുറ്റപത്രത്തില്‍ പി കെ നവാസാണ് ഒന്നാംപ്രതി. 18 സാക്ഷികളാണ് കേസിലുള്ളത്. കഴിഞ്ഞ ജൂണ്‍ 22നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് വെച്ചുനടന്ന സംസ്ഥാന സമിതി യോഗത്തില്‍ വെച്ച് പി കെ നവാസ് ഹരിതാ നേതാക്കളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്നും ലൈംഗിക ചുവയോടെ പെരുമാറിയെന്നും ഹരിത നേതാക്കള്‍ പരാതി നല്‍കിയിരുന്നു.

ആദ്യം ലീഗിനും എംഎസ്എഫിന്റെ ദേശീയ നേതൃത്വത്തിനും നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് വനിതാ കമ്മിഷന് ഹരിത പരാതി നല്‍കി. തുടര്‍ന്ന് ലീഗ് ഇടപെട്ട് ഹരിതയെ മരവിപ്പിക്കുകയും പിരിച്ചുവിടുകയും ചെയ്തു. പരാതിയില്‍ ഹരിത മുന്‍ നേതാക്കള്‍ ഉറച്ചുനിന്നതോടെ പൊലീസ് കേസുമായി മുന്നോട്ടുപോവുകയായിരുന്നു.

Exit mobile version