Site icon CTV Online

പോപ്പുലർ ഫ്രണ്ട് നേതാവ് എ. അബ്ദുൽ സത്താറിനെ അഞ്ച് ദിവസത്തേയ്ക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

Web Desk

യു.എ.പി.എ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് എ. അബ്ദുൽ സത്താറിനെ അഞ്ച് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയുടേതാണ് നടപടി. വെള്ളിയാഴ്‌ച വരെയാണ് കസ്റ്റഡി അനുവദിച്ചത്. അബ്ദുൽ സത്താറിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു. കേരളത്തിൽ എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് അബ്ദുൽ സത്താർ. റെയ്ഡിനെ തുടർന്ന് ഒളിവിൽപോയ ഇയാളെ കഴിഞ്ഞ 28ന് കരുനാഗപ്പള്ളിയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നിന്നാണ് എൻഐഎ അറസ്‌റ് ചെയ്തത്. അബ്ദുൽ സാത്താറിനെ കഴിഞ്ഞ മാസം 20 വരെ കോടതി റിമാൻഡ് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ഇയാളുടെ കസ്റ്റഡി ആവശ്യപ്പെട്ട് എൻ ഐ എ അപേക്ഷ സമർപ്പിച്ചത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ആണ് അബ്ദുൽ സത്താർ. ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ട് ഓഫീസ് സീൽ ചെയ്തിരുന്നു. 15 വർഷം മുൻപ് പോപ്പുലർ ഫ്രണ്ട് സ്വന്തമായിട്ട് മേടിച്ച സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയുന്നത്. കൾച്ചറൽ സംഘം എന്ന പേരിലാണ് ഇവിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തനം നടത്തിയത്. സംഘടനയുടെ എല്ലാ കമ്മിറ്റികളും ഇവിടെയാണ് നടന്നിരുന്നത്. അതിനിടെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിനു പിന്നാലെ പി എഫ്ഐ ഓഫീസുകൾക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. ജില്ലയിലെ പ്രധാന പിഎഫ് ഐ ഓഫീസായ മലബാർ ഹൗസിൽ പൊലീസ് നോട്ടിസ് പതിച്ചു. താനൂർ ഡിവൈ എസ്പി മൂസ വള്ളിക്കാടൻ്റെ നേതൃത്വത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. അതേസമയം വയനാട്ടിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളും സീൽ ചെയ്തു. മാനന്തവാടി എരുമത്തെരുവിലെ ജില്ലാ കമ്മിറ്റി ഓഫീസും മേപ്പാടി റിപ്പണിലെ ഓഫീസുമാണ് സീൽ ചെയ്തത്. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയത്. കാസർഗോഡ് പടന്നയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസും പൊലീസ് സീൽ ചെയ്തു. തീരം ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പ്രവർത്തിക്കുന്ന ഓഫീസാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ സീൽ ചെയ്തത്. ഇതോടെ ജില്ലയിൽ പട്ടികയിലുള്ള രണ്ട് ഓഫീസുകളും സീൽ ചെയ്തു.

Exit mobile version