newsdesk
മേപ്പയൂർ : മേപ്പയ്യൂർ പോലീസ് രജിസ്റ്റർ ചെയ്ത ചെറുവണ്ണൂർ പവിത്രം ജ്വല്ലറി കവർച്ചാ കേസിലെ പ്രതികളിൽ ഒരാളെ ബീഹാറിൽ വച്ച് പോലീസ് പിടികൂടി. ബീഹാർ കിഷൻ ഗഞ്ച് ജില്ലയിലെ ദിഗൽ ബങ്ക് പോലീസ് സ്റ്റേഷൻ പരിധിയിലെ മങ്കുര ബാൽവാടങ്കി ഹൗസിൽ മുഹമ്മദ് മിനാർ ഉൽഹഖ്(24)ആണ് അറസ്റ്റിൽ ആയത്.ജൂലൈ 6ആം തിയ്യതിയാണ് കേസിനാസ്പദമായ കവർച്ച നടക്കുന്നത്.
ഇസാഖ് മാംഗുര എന്നയാൾ കോഴിക്കോട് മുയിപ്പോത്ത്, പേരാമ്പ്ര ഭാഗങ്ങളിൽ ജോലി ചെയ്തുവരികയുമായിരുന്നു. ജൂലൈ അഞ്ചിന് ബീഹാറിൽ നിന്നും മുഹമ്മദ് മിനാർ ഉൽഹഖ് കേരളത്തിലെത്തുകയും ജൂലൈ 6 ന് പുലർച്ചെ ജ്വല്ലറിയുടെ പിന്നിലെ ചുവർകുത്തിത്തുറന്ന് അകത്തു കടന്ന് 250 ഗ്രാമോളം സ്വർണ്ണവും 5 കിലോഗ്രാം വെളളിയാഭരണങ്ങളും കവർച്ച ചെയ്യുകയും പുലർച്ചെ നാട്ടിലേക്ക് ട്രയിൻ മാർഗ്ഗം രക്ഷപ്പെടുകയുമായിരുന്നു. യാതൊരു തെളിവും അവശേഷിപ്പിക്കാത്ത കേസിൽ, പോലീസ് ആഴ്ചകളോളം പരിശ്രമിക്കുകയും, തുടർന്ന് മുയിപ്പോത്ത് സിസിടിവി കാമറയിൽ 6 ന് പുലർച്ചെ രണ്ടുപേർ ദൃതിയിൽ നടന്നു പോകുന്ന ചിത്രം പോലീസിന് ലഭിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ കാലയളവിൽ നാട്ടിലേക്ക് പോയ അന്യസംസ്ഥാന തൊഴിലാളികളെപ്പറ്റി വിവരം ശേഖരിക്കുകയും ചെയ്തു.തുടർന്ന് മുയിപ്പോത്ത് മുഹമ്മദ് ഹാജിയുടെ ബിൽഡിങ്ങിൽ താമസിച്ച രണ്ടുപേരെപ്പറ്റി അന്വേഷണം നടത്തുകയും പ്രതികളാണെന്ന് ഉറപ്പു വരുത്തുകയുമായിരുന്നു. തുടർന്ന് വളരെ രഹസ്യമായി പോലീസ് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. പ്രതികൾ ബീഹാർ സ്വദേശികൾ ആണെന്ന് തിരിച്ചറിഞ്ഞ അന്വേഷണസംഘത്തിലെ നാലുപേർ ബീഹാറിലേക്ക് തിരിച്ചു.
കോഴിക്കോട് റൂറൽ SP യുടെ നിർദ്ദേശപ്രകാരം പേരാമ്പ്ര DySP യുടെ പ്രത്യേക സ്ക്വാഡാണ് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയത്.മുൻ പേരാമ്പ്ര ഡി.വൈ എസ് പി കെ.എം ബിജുവിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും തുടർന്ന് ചുമതലയേറ്റ DySP വി.വി ലതീഷ് അന്വേഷണത്തിന് നേതൃത്വം നൽകുകയുമായിരുന്നു. . .
നേപ്പാൾ അതിർത്തിയിൽ ഉള്ള ദിഗൽ ബങ്ക് എന്ന സ്ഥലത്തെ ബംഗ്ലാദേശ് കോളനിയിൽ ആയിരുന്ന പ്രതിയെ വളരെ അപകടകരമായ സാഹചര്യത്തെ തരണം ചെയ്താണ്ബീഹാർ പോലീസിന്റെ സഹായത്തോടെ SI സുധീർ ബാബു, ASI ലിനേഷ്, SCPO സിഞ്ചുദാസ്, CPO ജയേഷ് എന്നിവർ അടങ്ങിയ അന്വേഷണ സംഘം പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെ രാത്രിയോടെ ആണ് മേപ്പയൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.
ബീഹാറിലെത്തി വളരെയേറെ അപകടമേറിയ , കൊടും കുറ്റവാളികൾ ഉൾപ്പെടെ വസിക്കുന്ന ദിഗൽ ബങ്ക്, കിഷൻ ഗഞ്ച് തുടങ്ങിയ പ്രദേശത്തു നിന്നും സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പ്രതിയെ പിടികൂടിയ
അന്വേഷണ സംഘം കേരള പോലീസ് സേനക്ക് തന്നെ അഭിമാനിക്കാൻ കഴിയാവുന്ന തരത്തിലുള്ള നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു.മേപ്പയ്യൂർ ഇൻസ്പെക്ടർ ഷൈജുവിൻ്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർമാരായ റഫീഖ്, സുധീർ ബാബു, ലത്തീഫ് ,എ എസ് ഐ മുനീർ ഇ.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ്.ടി, ഷാഫി എൻ എം, ലസിത്ത്, സിഞ്ചുദാസ്, ജയേഷ് കെ.കെ, രതീഷ്, ലിനീഷ്, സൈബർ സെൽ സി പി ഒ വിജീഷ്, അന്വേഷണത്തിനിടെ മരണപ്പെട്ട സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്