Site icon CTV Online

എസി വെച്ചതിൻ്റെ പേരിൽ പെൻഷൻ നിഷേധിക്കില്ല; മാനദണ്ഡങ്ങൾ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: മുൻ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തുന്ന കാര്യത്തിൽ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. നിയമസഭയിലെ ചോദ്യോത്തരവേളയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം ജൂൺ 24 മുതൽ ആരംഭിക്കുമെന്നും പെൻഷൻ മുടങ്ങാതെ നൽകാനാണ് യുഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമപെൻഷൻ 3000 രൂപയാക്കുമെന്ന യുഡിഎഫ് വാഗ്ദാനം മുൻ എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാനങ്ങളെപ്പോലെ വൈകിപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

എൽഡിഎഫ് സർക്കാർ ക്ഷേമപെൻഷൻ 2500 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യ ഭരണകാലാവധിയുടെ അവസാനഘട്ടത്തിലാണ് 1500 രൂപയിൽ നിന്ന് 1600 രൂപയാക്കി വർധിപ്പിച്ചതെന്നും പിന്നീട് രണ്ടാം ഭരണകാലാവധിയുടെ അവസാനത്തോടെയാണ് പെൻഷൻ 2000 രൂപയാക്കി ഉയർത്തിയതെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള കാലതാമസം യുഡിഎഫ് സർക്കാർ വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമപെൻഷൻ ലഭിക്കുന്നതിനുള്ള നിലവിലെ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീട്ടിൽ എയർ കണ്ടീഷണർ ഉള്ളതിന്റെ പേരിൽ പെൻഷൻ നിഷേധിക്കപ്പെടുന്നതടക്കമുള്ള പരാതികൾ സർക്കാർ ഗൗരവമായി പരിശോധിച്ചുവരികയാണ്. അർഹരായവർക്ക് പെൻഷൻ ഉറപ്പാക്കാനും അനർഹരെ ഒഴിവാക്കാനും നിലവിലെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്ന കാര്യം സർക്കാർ ആലോചിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയിൽ നിലവിൽ ചില അനർഹരും ഉൾപ്പെട്ടിട്ടുണ്ടെന്നും യഥാർഥ ഗുണഭോക്താക്കളിലേക്ക് ക്ഷേമപെൻഷൻ എത്തിക്കുന്നതിന് പുതിയ സംവിധാനങ്ങൾ കൊണ്ടുവരുന്നത് സർക്കാർ പരിഗണിച്ചുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version