സമാധാന നൊബേല്‍, ജയിലില്‍ കഴിയുന്ന ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക്;സ്ത്രീപീഡനത്തിനെതിരായ പോരാട്ടത്തിനാണ് പുരസ്കാരം

NEWSDESK

2023 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തകയായ നർഗീസ് മുഹമ്മദിക്ക് ലഭിച്ചു . സ്ത്രീപീഡനത്തിനെതിരായ പോരാട്ടത്തിനാണ് പുരസ്കാരം. നൊബേൽ പുരസ്കാര പ്രഖ്യാപനം നടത്തുമ്പോഴും നർഗീസ് ഇറാനില്‍ തടവിലാണ്. “ഇറാനിലെ സ്ത്രീകൾക്കെതിരായ അടിച്ചമർത്തലിനെതിരായ പോരാട്ടത്തിനും മനുഷ്യാവകാശങ്ങളും എല്ലാവർക്കും സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവളുടെ പോരാട്ടത്തിനും നർഗീസ് മുഹമ്മദിക്ക് 2023 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നൽകാൻ നോർവീജിയൻ നൊബേൽ കമ്മിറ്റി തീരുമാനിച്ചു,” നൊബേല്‍ അധികൃതർ വ്യക്തമാക്കി.

നർഗീസിനെ വിവിധ കേസുകളിലായി ഇറാനിയന്‍ സർക്കാർ 13 തവണ അറസ്റ്റ് ചെയ്യുകയും അഞ്ച് തവണ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. 31 വർഷം തടവും 154 ചാട്ടവാറടിയുമാണ് നർഗീസിനെ വിധിച്ചിട്ടുള്ളതെന്നും നൊബേല്‍ സമ്മാന കമ്മിറ്റി വെബ്‌സൈറ്റിലുടെ അറിയിക്കുന്നു. “അവളുടെ ധീരമായ പോരാട്ടത്തിന് വളരെയധികം വ്യക്തിപരമായ നഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നു” പ്രസ്താവനയില്‍ പറയുന്നു.

സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തിൽ ഏറ്റവും കുറഞ്ഞ പുരോഗമനപരമായ രാജ്യങ്ങളിലൊന്നായി തുടരുന്ന ഇറാനിലെ മുൻനിര മനുഷ്യാവകാശ പ്രവർത്തകരിൽ ഒരാളാണ് നർഗീസ് മുഹമ്മദി. സദാചാര പോലീസിന്റെ കസ്റ്റഡിയിൽ മഹ്‌സ അമിനി എന്ന കുർദിഷ് യുവതി കൊല്ലപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈ പ്രതിഷേധങ്ങളില്‍ വലിയ പങ്കുവഹിച്ച വ്യക്തിയാണ് നർഗീസ് മുഹമ്മദി.

“അവൾ സ്ത്രീകളുടെ അവകാശങ്ങൾക്കും വധശിക്ഷ നിർത്തലാക്കുന്നതിനും വേണ്ടി പ്രചാരണം നടത്തി.” നൊബേല്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. നൊബേൽ സമ്മാന ജേതാവ് നിലവില്‍ ടെഹ്‌റാനിലെ ഒരു ജയിലിൽ ഭരണകൂടത്തിനെതിരെ കുപ്രചരണം നടത്തിയതുൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ഒന്നിലധികം ശിക്ഷകൾ അനുഭവിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അർഹതക്കുള്ള അംഗീകാരമെന്ന് ലോകം പറയുന്നു .

error: Content is protected !!