newsdesk
മുക്കം∙ ചെറുവാടി– ചുള്ളിക്കാപറമ്പ്– കവിലട റോഡ് നവീകരണ പ്രവൃത്തി അനന്തമായി നീളുന്നതിനിടയിൽ വഴി ചെളിക്കുളമായി.യാത്രക്കാർ റോഡിൽ തെന്നി വീഴുന്നത് പതിവാണ്. ഇരുചക്ര വാഹന യാത്രക്കാരും കാൽനട യാത്രക്കാരുമാണ് ഏറെയും അപകടത്തിൽ പെടുന്നത്. കഴിഞ്ഞ ദിവസം മാത്രം റോഡിലെ ചെളിയിൽ വീണ് പത്തിലേറെ പേർക്കു പരുക്കേറ്റു.റോഡിലെ ചെറുവാടി അങ്ങാടി, പടക്കം പാടം ഭാഗങ്ങളിലാണ് യാത്രക്കാർ അപകടത്തിൽ പെടുന്നത്.റോഡിൽ താഴ്ചയുള്ള ഭാഗം കരിങ്കൽക്കെട്ട് നിർമിച്ച് മണ്ണു നിറച്ച് ഉയരം കൂട്ടുന്ന പ്രവൃത്തിക്കിടെ കനത്ത മഴയിൽ മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങിയതാണു പ്രശ്നം. ചെളി മൂലം കാൽനട പോലും പറ്റാത്ത അവസ്ഥയാണ്. സ്കൂളുകൾ തുറന്നതോടെ റോഡിൽ തിരക്കും വർധിച്ചു.