Site icon CTV Online

കോഴിക്കോട്, ട്രെയിനിൽനിന്നു വീണ് യുവാവു മരിച്ചു; ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട് ∙ ഓടുന്ന ട്രെയിനിൽ നിന്ന് വീണു യാത്രക്കാരൻ മരിച്ച സംഭവത്തിൽ ട്രെയിനിലെ കരാർ ജീവനക്കാരൻ അറസ്റ്റിലായി. തമിഴ്നാട് കാഞ്ചീപുരം കീൽകട്ടളൈ ശിവരാജ് സ്ട്രീറ്റിലെ ഗോപിയുടെ മകൻ ശരവണനാ(25)ണ് മരിച്ചത്. കണ്ണൂർ‌ സ്വദേശി ടി.എസ്.അനിൽകുമാറി(50)നെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ട്രെയിൻ കോച്ചുകളിൽ യാത്രക്കാർക്ക് പുതപ്പും തലയണയും വിതരണം ചെയ്യുന്ന ഏജൻസിയുടെ തൊഴിലാളിയാണ് അനിൽ കുമാർ.

ശനിയാഴ്ച രാത്രി 11.15ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലാണു സംഭവം. മംഗളൂരു ജംക്‌ഷനിൽനിന്ന് കൊച്ചുവേളിയിലേക്കുള്ള 06041 നമ്പർ പൂജ സ്പെഷൽ ട്രെയിനിലെ ബിഇ–1 തേഡ് എസി കോച്ചിലാണ് സംഭവം. ട്രെയിൻ പുറപ്പെട്ടപ്പോൾ ഓടിക്കയറി ചവിട്ടുപടിയിൽ ഇരിക്കാൻ ശ്രമിച്ച ശരവണനെ ബലം പ്രയോഗിച്ച് പുറത്തിറക്കിയതാണ് അപകടത്തിനിടയാക്കിയതെന്ന് പറയപ്പെടുന്നു. പൊലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല. പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലാണ് ശരവണൻ വീണത്. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനിൽകുമാറിനെ അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്.

ശരവണൻ വീണയുടൻ യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ശരവണനെ ഉടനെ ആശുപത്രിയിലെത്തിക്കാൻ ആരും ശ്രമിച്ചില്ലെന്ന പരാതിയുണ്ട്. 11.44ന് ആണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടം സംഭവിച്ചു ട്രെയിൻ നിർ‌ത്തിയെങ്കിലും യാത്രക്കാരും പ്ലാറ്റ്ഫോമിലുണ്ടായിരുന്നവരും കരാർ തൊഴിലാളിയെ പിടികൂടണമെന്ന ആവശ്യത്തിന്മേൽ റെയിൽവേ ജീവനക്കാരുമായി തർക്കമുണ്ടായി.ശരവണന്റെ കൈവശം ടിക്കറ്റോ മറ്റു രേഖകളോ ഇല്ലായിരുന്നുവെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

Exit mobile version