Site icon CTV Online

പറവൂരിൽ യുവതി വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ,സഹോദരിയെ കാണാനില്ല

Web Desk

യുവതിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ വീട്ടിൽ ചൊവ്വാഴ്‌ച വൈകിട്ട്‌ മൂന്നിനാണ്‌ സംഭവം. ശിവാനന്ദന്റെ രണ്ട് പെൺമക്കളിൽ ഒരാളാണ്‌ മരിച്ചത്. ഒരാളെ കാണാനില്ല. ആരാണു മരിച്ചതെന്ന്‌ വ്യക്തമായിട്ടില്ല. ശിവാനന്ദൻ, ഭാര്യ ജിജി, മക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരാണ്‌ ഇവിടെ താമസിച്ചിരുന്നത്‌. ശിവാനന്ദനും ജിജിയും വീട്ടിലുണ്ടായിരുന്നില്ല.
“ശിവാനന്ദനും ജിജിയും രാവിലെ പതിനൊന്നോടെ ഡോക്‌ടറെ കാണാൻ ആലുവയിൽ പോയി. പന്ത്രണ്ടിനും രണ്ടിനും വിസ്‌മയ ഇവരെ വിളിച്ചിരുന്നു. മൂന്നോടെ വീടിനകത്തുനിന്ന്‌ പുക ഉയരുന്നതുകണ്ട അയൽക്കാരാണ്‌ വിവരം പൊലീസിനെയും അഗ്നിശമനസേനയേയും കൗൺസിലറെയും അറിയിച്ചത്. വീടിന്റെ ഗേറ്റ് അകത്തുനിന്ന്‌ പൂട്ടിയിരുന്നു. മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നു. രണ്ടുമുറികൾ പൂർണമായി കത്തി. അതിൽ ഒന്നിലാണ്‌ മൃതദേഹം കണ്ടത്‌.

മുറിയുടെ വാതിലിന്റെ കട്ടില യിൽ ചോരയും പരിസരത്ത്‌ മണ്ണെണ്ണയുടെ മണവുമുണ്ടായിരുന്നതായി പൊലീസ്‌ പറഞ്ഞു. മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് നോക്കി വിസ്‌മ‌യയാണു മരിച്ചതെന്നു മാതാപിതാക്കൾ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ജിത്തുവുമായി അടുപ്പമുള്ള, നഗരത്തിലെ ഒരു കടയിൽ ജോലി ചെയ്യുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.

വിസ്മയയുടെ മൊബൈൽ ഫോൺ കാണാതായിട്ടുണ്ട്. വൈകീട്ട് ആറോടെ എടവനക്കാട് ഭാഗത്ത് ടവർ ലൊക്കേഷൻ ലഭിച്ചതായി വിവരമുണ്ട്. വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്ക്‌ മാറ്റി. ഇരുചക്ര വാഹനത്തിൽ മീൻവിൽപന നടത്തുന്നയാളാണു ശിവാനന്ദൻ. മക്കൾ ഇരുവരും ബിരുദം പൂർത്തിയാക്കി. ജിത്തു രണ്ടുമാസമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. ഒരാഴ്ചമുമ്പ്‌ ശിവാനന്ദനെ വീട്ടിൽ പൂട്ടിയിട്ട്‌ പുറത്തേക്ക് ഇറങ്ങിപ്പോയിരുന്നു.

Exit mobile version