NEWSDESK
പെരുന്നാൾ സന്ദേശത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പാളയം ഇമാം വിപി സുഹൈബ് മൗലവി. വർഗീയ അജണ്ട ആര് മുന്നോട്ട് വെച്ചാലും അത് നടക്കില്ലെന്നാണ് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചതെന്ന് പാളയം ഇമാം പറഞ്ഞു. ഫാസിസ്റ്റ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകാൻ ഇന്ത്യൻ ജനതയ്ക്ക് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ജാതി സെൻസസ് നടപ്പാക്കണമെന്ന് പാളയം ഇമാം ആവശ്യപ്പെട്ടു.
വിഭജനത്തിന്റെ രാഷ്ട്രീയമല്ല വെറുപ്പിന്റെ അങ്ങാടിയിലെ സ്‌നേഹത്തിന്റെ കട തുറന്നുവെന്ന് ഇമാം സന്ദേശത്തിൽ പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾക്ക് ഭാവിയില്ലെന്ന് തെളിഞ്ഞുവെന്നും തികഞ്ഞ രാഷ്ട്രിയ ലക്ഷ്യത്തോടുകൂടിയാണ് ബാബരി മസ്ജിദ് പൊളിച്ചിടത്ത് ക്ഷേത്രം പണിതതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ തയാറായില്ലെങ്കിൽ സംസ്ഥാന സർക്കാർ ജാതി സെൻസസ് നടപ്പാക്കണമെന്നും പാളയം ഇമാം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പൊതുതെരഞ്ഞെടുപ്പ് ഫലം ആശ്വാസം നൽകുന്നതാണെന്നും സുമനസുകൾ ഐക്യത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞാൽ വർഗീയതയെ അതിജീവിക്കാൻ കഴിയുമെന്ന് വിപി സുഹൈബ് മൗലവി പറഞ്ഞു. കർഷകരോഷം, അടിസ്ഥാന സൗകര്യമില്ലായ്മ, തൊഴിലില്ലായ്മ ഇതിനെതിരെയുള്ള തെരഞ്ഞെടുപ്പായിരുന്നു നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാഠപുസ്തകത്തിൽ നിന്ന് എൻസിആർടി ബാബരി മസ്ജിദിന്റെ പേര് വെട്ടിമാറ്റി. ചരിത്രത്തെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തിൽ നിന്ന് എൻസിആർടി പിന്മാറണമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തെ വക്രീകരിക്കാനും വളച്ചൊടിക്കാനും ശ്രമിച്ചാൽ ഇന്നല്ലെങ്കിൽ നാളത്തെ ഭാവി തലമുറ തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ സംസാരിക്കുകയായിരുന്നു സുഹൈബ് മൗലവി.