
Web Desk
പാലക്കാടു നിന്ന് കാണാതായ പോക്‌സോ കേസ് അതിജീവിതയെ കണ്ടെത്തി. ഗുരുവായൂരില്‍നിന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. മൊഴിമാറ്റിക്കലിന്റെ ഭാഗമായാണ് കുട്ടിയെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.
പാലക്കാടുനിന്നുള്ള പ്രത്യേക പോലീസ് സംഘമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തുള്ള ലോഡ്ജില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അടുത്തബന്ധുക്കള്‍ തന്നെയാണ് പോക്‌സോ കേസിലെ പ്രതികള്‍. ഒരുവര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസിന്റെ വിചാരണ 16-ാം തീയതി ആരംഭിക്കാനിരിക്കുകയാണ്. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നും ഭയമാണെന്നും നേരത്തെ കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണച്ചുമതല മുത്തശ്ശി ഉള്‍പ്പെടെയുള്ളവരെ ഏല്‍പിക്കുകയായിരുന്നു. പ്രതികള്‍ക്ക് അനുകൂല നിലപാടാണ് മാതാപിതാക്കള്‍ സ്വീകരിച്ചിരുന്നത്. അതിനാല്‍ തന്നെ കുട്ടിയുടെ സംരക്ഷണച്ചുമതല മാതാപിതാക്കള്‍ക്ക് ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല.
