
newsdesk
മുക്കം : എം.എ.എം.ഒ കോളേജ് കൊമേഴ്‌സ് വിഭാഗം മുൻ അധ്യാപകനും കാലിക്കറ്റ് സർവകലാശാല സിന്റിക്കേറ്റ് മെമ്പറുമായിരുന്ന പി വിജയരാഘവന്റെ സ്മരണാർഥം നടത്തുന്ന അഖില കേരള കോളേജ് സ്റ്റാഫ് 6’സ് ഫുട്ബോൾ മത്സരം എം.എ.എം.ഒ കോളേജ് ടർഫിൽ ആവേശ പൂരമായി സംഘടിപ്പിച്ചു . വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിച്ച മത്സരങ്ങൾ അക്ഷരാർത്ഥത്തിൽ മുക്കത്തെ രാവിനെ പകലാക്കി മൈതാനത്തിന് തീ പടർത്തി. രണ്ടു പൂളുകളിലായി ശക്തരായ 18 ടീമുകൾ കളത്തിലിറങ്ങി.
കാലിക്കറ്റ് സർവകലാശാല, കേരള വെറ്റിനററി സർവകലാശാല, എം.എ.എം.ഒ കോളേജ് മുക്കം, ഫറൂഖ് കോളേജ് കോഴിക്കോട്, എൽ. ബി.എസ് കോളേജ് കാസർഗോഡ്, ഗവ: എഞ്ചിനിയറിങ്ങ് കോളേജ് കോഴിക്കോട്, സഫ കോളേജ് വളാഞ്ചേരി, ഡബ്ല്യൂ.എം.ഒ കോളേജ് മുട്ടിൽ, മലബാർ കോളേജ് വേങ്ങര, സുന്നിയ കോളേജ് ചേന്ദമംഗലൂർ, എ.ഐ.എ കോളേജ് കുനിയിൽ, അസ്സബഹ് കോളേജ് വാളയംകുളം, അംബേദ്കർ കോളേജ് നിലമ്പൂർ, ഗവ: കോളേജ് കോടഞ്ചേരി, ബ്ലോസം കോളേജ് കൊണ്ടോട്ടി, റൗസത്തുൽ ഉലൂം അറബിക് കോളേജ് കോഴിക്കോട്, സർ സയ്യിദ് കോളേജ് തളിപ്പറമ്പ ടീമുകൾ ബൂട്ടണിഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ പി. വിജയരാഘവന്റെ പത്നിയും കോഴിക്കോട് മെഡിക്കൽ കോളേജ് ഇ.എൻ.ടി വിഭാഗം അധ്യാപികയുമായ ഡോ. ആർ സുമ, എം.എ.എം.ഒ കോളേജ് പ്രിൻസിപ്പാൾ ഡോ. ഇ.കെ സാജിദ്, ഐ.ക്യു.എ.സി കോഡിനേറ്റർ ഒ.എം അബ്ദുറഹിമാൻ, കൊമേഴ്‌സ് വിഭാഗം മേധാവി എം.പി മുഹമ്മദ് റാഷിദ്, ഹിസ്റ്ററി വിഭാഗം മേധാവി ഡോ. എം. എ അജ്മൽ മുഈൻ, വി ഇർഷാദ്, കെ.വി ഉമർ സംസാരിച്ചു.
