കോഴിക്കോടിന്റെ എന്ത് ആവശ്യങ്ങൾക്കും അദ്ദേഹം മുൻപന്തിയിൽ നിന്നിരുന്നു, പിവിജിയുടെ വേർപാട് വേദനാ ജനകം: മന്ത്രി പി എ മുഹമ്മദ് റിയാസ്

NEWSDESK

പി വി ഗംഗാധരന്റെ വേർപാടിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചനം രേഖപ്പെടുത്തി.വലിയ വേദന ഉണ്ടാക്കുന്നതാണ് പിവിജി യുടെ വേർപാട് എന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കോഴിക്കോടിന്റെ എന്ത് ആവശ്യങ്ങൾക്കും അദ്ദേഹം മുൻപന്തിയിൽ നിന്നിരുന്നു.

വളരെ ചെറുപ്പം മുതൽ വ്യക്തിപരമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് പി വി ഗംഗാധരൻ. കുറച്ചു ദിവസങ്ങൾക്കു മുമ്പ് കോഴിക്കോട് ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ഫോണിൽ സംസാരിച്ചിരുന്നു. വൈവിധ്യമാർന്ന മേഖലകളിൽ അദ്ദേഹത്തിൻറെ നേതൃപാടവം നേരിട്ട് അറിയാൻ കഴിഞ്ഞിട്ടുണ്ട്. സിനിമ, വ്യവസായം, തുടങ്ങിയ മേഖലകളിലും കോഴിക്കോടിന്റെ പൊതു സംസ്കാരിക മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോൾ വകുപ്പിൽ ചെയ്തതും ടൂറിസം മേഖലയിൽ ചെയ്യാൻ സാധിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ഫോണിൽ വിളിച്ച് സംസാരിക്കുമായിരുന്നു. പലകാര്യങ്ങളിലും അദ്ദേഹത്തിന് വളരെ നല്ല വീക്ഷണം ഉണ്ടായിരുന്നു. ഇങ്ങനെ വികസന പ്രവർത്തനങ്ങളിൽ അടക്കം എല്ലാ മേഖലകളിലും പിവിജി വലിയ പങ്ക് വഹിച്ചു.

മറ്റുള്ളവരുടെ പ്രയാസങ്ങൾ മനസ്സിലാക്കി ഇടപെടാനുള്ള മനസ്സ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. വളരെ സൗമ്യമായി ആളുകളോട് ഇടപെട്ട വ്യക്തിയാണ്. എല്ലാ മേഖലയിലുള്ളവരുടെയും അഭിപ്രായങ്ങൾ അറിയാൻ താല്പര്യമുള്ള മനസ്സിൻറെ ഉടമയായിരുന്നു.

കോഴിക്കോട് സർവ്വകലാശാല യൂണിയൻറെ ഭാരവാഹിയായിരുന്ന ഘട്ടത്തിൽ ദേശീയ കോളേജ് യൂത്ത് ഫെസ്റ്റിവൽ ആയ യൂണിഫെസ്റ്റ് കോഴിക്കോട്ട് നടന്നു. അന്ന് പരിപാടിയുടെ നടത്തിപ്പിൽ ഞങ്ങൾക്കൊപ്പം നിന്ന വ്യക്തിയാണ് പിവിജി. അദ്ദേഹവുമായി വളരെ അടുപ്പം വന്ന നാളുകളായിരുന്നു അത്.

ഇങ്ങനെ എല്ലാ കാര്യങ്ങളിലും വളരെ താഴെത്തട്ടിൽ ഇടപെടാൻ മനസ്സുള്ള വ്യക്തിയായിരുന്നു ശ്രീ പി വി ഗംഗാധരൻ എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും മാതൃഭൂമി കുടുംബത്തിൻ്റെയും വേദനയിൽ പങ്ക് ചേരുന്നത് ആയും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

error: Content is protected !!