Site icon CTV Online

ആട്ടിപ്പായിച്ചെന്ന കിറ്റെക്‌സിന്റെ പ്രതികരണം ദൗര്‍ഭാഗ്യകരമെന്ന് വ്യവസായ മന്ത്രി പി രാജീവ്

Web Desk

കേരളത്തില്‍ നിന്ന് ആട്ടിപ്പായിച്ചെന്ന കിറ്റെക്‌സ് എംഡിയുടെ പ്രതികരണം ദൗര്‍ഭാഗ്യകരമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കിറ്റെക്‌സ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കുമെന്ന് പറഞ്ഞിരുന്നു. മറ്റേതെങ്കിലും പരാതികളുണ്ടെങ്കില്‍ അതും പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് അറിയിച്ചതാണ്.
കിറ്റെക്‌സ് വിഷയത്തില്‍ അനാവശ്യമായി ഇടപെട്ടിട്ടില്ല. മോശമായ സമീപനവും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇപ്പോഴും വിഷയത്തില്‍ തുറന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അഭിപ്രായ പ്രകടനത്തിന് എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ആട്ടിപ്പായിച്ചു എന്നുള്ള കിറ്റെക്‌സ് എംഡിയുടെ പ്രതികരണം ദൗര്‍ഭാഗ്യകരമാണ്. അവരുടെ പ്രതികരണം ശരിയായോ എന്ന് സമൂഹം വിലയിരുത്തട്ടെ എന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തെ ഉപേക്ഷിച്ചല്ല, തങ്ങളെ ചവിട്ടിപ്പുറത്താക്കിയതാണെന്നായിരുന്നു കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്റെ പ്രതികരണം. അതേസമയം വിഷയത്തില്‍ പ്രതിപക്ഷവും നിലപാട് വ്യക്തമാക്കി. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്.

Exit mobile version