NEWSDESK
കോഴിക്കോട്: മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് പ്ലാസ്മോഡിയം ഒവൈൽ മലേറിയ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗം റിപ്പോർട്ട് ചെയ്യുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു.
മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ ലാബിൽ നടത്തിയ പരിശോധനയിലാണ് അപൂർവ ഇനം മലമ്പനി കണ്ടെത്തിയത്. കുന്ദമംഗലം സ്വദേശിയായ യുവാവിനാണ് ഒവൈൽ മലേറിയ സ്ഥിരീകരിച്ചത്. ജനറൽ മെഡിസിൻ വിഭാഗത്തിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.
യുവാവ് നേരത്തെ ജോലി ആവശ്യാർഥം മുംബൈയിൽ പോയിരുന്നു. മറ്റു മലേറിയ പോലെ ശക്തമായ പനി, തലവേദന, വിറയൽ തുടങ്ങിയവയാണ് പ്ലാസ്മോഡിയം ഒവൈൽ മലേറിയയുടെയും ലക്ഷണങ്ങൾ. കൊതുകുകളാണ് രോഗം പരത്തുക.