Site icon CTV Online

“ഓപ്പറേഷൻ വിബ്രിയോ” ; 12 ദിനങ്ങളിൽ ഒന്നേമുക്കാൽ ലക്ഷം കിണറുകൾ ക്ലോറിനേറ്റ് ചെയ്തു

Web Desk

കോഴിക്കോട് ജില്ലയിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജലജന്യ രോഗങ്ങൾ നിയന്തിക്കുന്നതിനു വേണ്ടി നവംബർ 22 മുതൽ നടപ്പിലാക്കി വരുന്നഓപ്പറേഷൻ വിബ്രിയോ പരിപാടിയുടെ ഭാഗമായി 12 ദിവസം കൊണ്ട് 179347 കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. പൊതുജനാരോഗ്യ പ്രവർത്തകരുടെ ടീമുകൾ വിവിധ ആരോഗ്യ ബ്ലോക്കുകളിലായി 279548 വീടുകളും 3629 സ്ഥാപനങ്ങളും സന്ദർശിക്കുകയും പരിശോധിക്കുകയും ചെയ്തു. ഭക്ഷണസാധനങ്ങൾ തയ്യാറാക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന 105 സ്ഥാപനങ്ങൾ പരിശോധിക്കുകയും 3 എണ്ണത്തിന് നോട്ടീസ് നൽകുകയും ചെയ്തു.വരും ദിവസങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതാണെന്ന് ഡി.എം.ഒ. അറിയിച്ചു.

വ്യക്തിശുചിത്വം, ഭക്ഷ്യശുചിത്വം, പരിസര ശുചിത്വം എന്നിവ എല്ലാവരും പാലിച്ചെങ്കിൽ മാത്രമേ ഭക്ഷ്യവിഷബാധ പോലുള്ള പൊതുജനാരോഗ്യ പ്രശ്നങ്ങൾ വരാതെ നോക്കാൻ കഴിയുകയുള്ളൂ എന്ന് ഡി എം ഒ അറിയിച്ചു. ഭക്ഷണം അടച്ചു വച്ചു ഉപയോഗിക്കുക , മാംസാഹാരം നന്നായി പാകം ചെയ്ത് ഉപയോഗിക്കുക,പഴക്കം ചെന്നതും ഉപയോഗ ശൂന്യവുമായ ഭക്ഷണം കഴിക്കാതിരിക്കുക, കടകളിൽ നിന്ന് വാങ്ങുന്ന ഭക്ഷണങ്ങൾ കാലാവധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പ് വരുത്തുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, കൈകകൾ വൃത്തിയായും ശുചിയായും എപ്പോഴും സൂക്ഷിക്കുക എന്നിവ ഭക്ഷ്യ വിഷബാധ തടയുന്നതിന് അത്യാവശ്യമായ ആരോഗ്യശീലങ്ങളാണ്. മാലിന്യങ്ങളുമായി സമ്പർക്കമുണ്ടായേക്കാവുന്ന ഏത് സാഹചര്യത്തിലും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. കൂടാതെ ഭക്ഷണം കഴിക്കുന്നതിനുമുമ്പും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണം.

Exit mobile version