
newsdesk
BY : സി. ഫസൽ ബാബു
മുക്കം: ഓണക്കാലത്ത് ഇതര സംസ്ഥാന പൂക്കളെ പ്രധാനമായും ആശ്രയിക്കുന്ന മലയോര ജനതക്ക് ആശ്വാസമായി ചെണ്ടുമല്ലി കൃഷി ചെയ്ത് മികച്ച വിളവ് നേടിയിരിക്കുകയാണ് മലയോരത്തെ ഒരു കർഷകൻ. അഗസ്ത്യൻമുഴി തടപ്പറമ്പിലെ വേണുദാസും കൂട്ടുകാരുമാണ് വാഴത്തോട്ടത്തിൽ ചെണ്ടുമല്ലി കൃഷിയൊരുക്കിയത്. കർക്കടകത്തിലെ പേമാരിയിൽ, വാഴക്കൃഷി നഷ്ടത്തിലേക്ക് കൂപ്പു കുത്തിയപ്പോൾ ചെണ്ടുമല്ലിയിലൂടെ ജീവിതം തിരികെ പിടിക്കുകയായിരുന്നു ഇവർ. മേഖലയിലെ പ്രധാന വാഴ കർഷകരിലൊരാളായ അഗസ്ത്യൻമുഴി തടപ്പറമ്പിലെ വേണുദാസും കൂട്ടുകാരുമാണ് വാഴത്തോട്ടത്തിൽ ചെണ്ടുമല്ലി കൃഷിയൊരുക്കിയത്.
പൂക്കൃഷിയിലൂടെ ലഭിക്കുന്ന വരുമാനത്തിനൊപ്പം ചിങ്ങമാസത്തിൽ വാഴകളിലുണ്ടാകുന്ന നിമ വിരകളെ പ്രതിരോധിക്കുക കൂടിയായിരുന്നു ചെണ്ടുമല്ലി കൃഷിയുടെ ലക്ഷ്യം. നട്ട് രണ്ട് മാസത്തെ വളർച്ചയെത്തിയപ്പോഴേക്കും വാഴത്തോട്ടത്തിനിടയിൽ ചെണ്ടുമല്ലി പൂക്കൾ വിരിഞ്ഞു. അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ മൂന്നരയേക്കറോളം സ്ഥലത്താണ് വേണു വാഴ കൃഷി ചെയ്തത്. ഇതിൽ മുക്കാലേക്കറോളം സ്ഥലത്ത്, മുക്കം കൃഷിഭവൻ്റെ സഹകരണത്തോടെ എഴുന്നൂറോളം ചെണ്ടുമല്ലി തൈകൾ നട്ടു. തടപ്പറമ്പിലെ നവഭാരത് അക്ഷയശ്രീ സ്വാശ്രയ സംഘത്തിലെ അംഗങ്ങളുടെ സഹകരണത്തോടെയായിരുന്നു കൃഷി. നിർദ്ദേശങ്ങളുമായി മുക്കം കൃഷി ഓഫീസർ ടിൻസി ടോം കൂടി ചേർന്നതോടെ വാഴത്തോട്ടത്തിന് ചെണ്ടുമല്ലി ചന്തമായി. ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ചെണ്ടുമല്ലി കാണാൻ ഒട്ടേറെ ആളുകളാണ് ഇവിടെയെത്തുന്നത്. അഞ്ച് രൂപ നിരക്കിലാണ് കൃഷിഭവൻ തൈ വിതരണം ചെയ്തത്. ഇതു വരെ എട്ടായിരത്തോളം രൂപ പൂക്കൃഷിക്കായി ചെലവഴിച്ചു.
കഴിഞ്ഞ വേനൽക്കാലത്തെ കടുത്ത ചൂടിൽ, പുകയ്ക്ക് വെച്ചിട്ടും നേന്ത്രക്കുലകൾ പഴുക്കാതായതോടെ വലിയ നഷ്ടമാണ് കർഷകർക്കുണ്ടായത്. വേണുദാസിന് മാത്രം പത്ത് ടണ്ണോളം നേന്ത്രക്കുലയാണ് നഷ്ടമായത്. നേന്ത്രക്കുലകൾ പഴുക്കാത്തത് ഇൻഷൂർ പരിരക്ഷയിൽ ഉൾപ്പെടുത്താത്തതിനാൽ ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചതുമില്ല. ഈ നഷ്ടം പൂക്കൃഷിയിലൂടെ നികത്താനാകില്ലെങ്കിലും, കണ്ണിനും മനസിനും പൂ കൃഷി നൽകുന്ന പ്രതീക്ഷ വലുതാണെന്ന് വേണുദാസ് പറയുന്നു. ചുവപ്പ് ചെണ്ടുമല്ലി കിലോയ്ക്ക് 80 രൂപ നിരക്കിലും മഞ്ഞ 200 രൂപ നിരക്കിലുമാണ് ഇവർ വിൽക്കുന്നത്.തിരുവോണ ദിവസമാവുമ്പോഴേക്കും മികച്ച വിപണി ലഭിക്കുമെന്ന് കർഷകർ പ്രതീക്ഷിക്കുന്നു
