
NEWSDESK
കൊടിയത്തൂർ : ഓണസദ്യ സമൃദ്ധമാക്കുന്നതിനു തന്റെ വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും പായസം മിക്‌സും, പാലും അടങ്ങുന്ന കിറ്റുകൾ വിതരണം നടത്തി മലയോരത്ത് ഒരു പഞ്ചായത്ത് പ്രസിഡന്റ്. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവാണ് തന്റെ വാർഡിലെ മുഴുവൻ കുടുംബങ്ങളിലും ഓണ സമ്മാനമായി പായസ കിറ്റുകൾ എത്തിക്കുന്നത്.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഇതാദ്യമല്ല തന്റെ വാർഡിലെ മുഴുവൻ വീടുകളും ഇങ്ങനെ കയറിയിറങ്ങുന്നത്. ആദ്യം രണ്ടര വർഷം മുൻപ് വോട്ടഭ്യർത്ഥിച്ചു വാർഡിലെ ഓരോ വീടും കയറിയിറങ്ങി. അതോടെ തെരഞ്ഞെടുപ്പിൽ വാർഡിലെ വോട്ടർമാർ അവരെ ഇരു കയ്യും നീട്ടി സ്വീകരിച്ചു. പ്രസിഡന്റാവുന്നതിനും മുൻപ് വാർഡ് മെമ്പറായിരുന്നപ്പോഴും കഴിഞ്ഞ രണ്ടു ഓണത്തിനും ഇവർ ഇതുപോലെ ഓരോ വീട്ടിലുമെത്തിയിരുന്നു . അന്ന് ഓണ സമ്മാനമായി നൽകിയത് പച്ചക്കറി കിറ്റുകളായിരുന്നു. ഇപ്പോൾ പ്രസിഡന്റായതോടെ പച്ചക്കറിക്കുപകരം പായസ കിറ്റാണ് നൽകിയത്.
തോട്ടുമുക്കംടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് എല്ലാ വീടുകളിലും പായസം മിക്‌സും, പാലും അടങ്ങുന്ന കിറ്റ് എത്തിക്കുന്നത്.മാടാമ്പിയിൽ നടന്ന കിറ്റ് വിതരണം ദിവ്യ ഷിബു ധന്യക്ക് നൽകി ഉത്ഘാടനം ചെയ്തു. കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജു മാസ്റ്റർ അധ്യക്ഷനായി. സെക്രട്ടറി ഷിജി മോൻ, പോൾ ആന്റണി, സി.എ. പാപ്പച്ചൻ, ആന്റണി പട്ടോടി, ഷാഫി ചേലപ്പുറവൻ, മൂസ കൊയിലാണ്ടി, കൊച്ച് തൈപ്പറമ്പിൽ, ശാലു കൊല്ലോലത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച്. തോട്ടുമുക്കം പള്ളിത്താഴെ പ്രദേശം ഉൾപ്പെടുന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ 450 ഓളം വീടുകളിലാണ് ഇത്തവണ പ്രസിഡന്റ് ദിവ്യ ഷിബുവിന്റെ ഈ ഓണ സമ്മാനം എത്തുക.
