newsdesk
തിരുവനന്തപുരം∙ ഓണച്ചന്തകൾ ഇന്ന് ആരംഭിക്കാനിരിക്കെ സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപ്പരിപ്പിനും വില കൂട്ടി. ‘കുറുവ’യുടെ വില കിലോയ്ക്ക് 30 രൂപയിൽനിന്നു 33 രൂപയാക്കി. കഴിഞ്ഞ ദിവസം മട്ട അരിയുടെ വിലയും 30ൽനിന്നു 33 രൂപയാക്കിയിരുന്നു. പച്ചരി വില കിലോഗ്രാമിന് 26ൽനിന്ന് 29 രൂപ ആക്കേണ്ടി വരുമെന്നു മന്ത്രി പ്രഖ്യാപിച്ചെങ്കിലും നിലവിൽ വന്നിട്ടില്ല.
13 ഇനം സബ്സിഡി സാധനങ്ങളിലെ നാലിനം അരിയിൽ ‘ജയ’യ്ക്കു മാത്രമാണു വില വർധിപ്പിക്കാത്തത്. തുവരപ്പരിപ്പിന്റെ വില കിലോഗ്രാമിന് 111 രൂപയിൽനിന്ന് 115 ആക്കി. ചെറുപയറിന്റെ വില 92 രൂപയിൽനിന്ന് 90 ആയി കുറച്ചു. പഞ്ചസാരയുടെ വില കിലോയ്ക്ക് 27 രൂപയിൽനിന്ന് 33 ആക്കിയിരുന്നു. പൊതു വിപണിയിലേതിന് ആനുപാതികമായി സബ്സിഡി സാധനങ്ങളുടെ വിലയും പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
സപ്ലൈകോ ഓണച്ചന്തകൾ ഇന്നു മുതൽ
സപ്ലൈകോയുടെ ഓണച്ചന്തകളോടെ ഇന്നു മുതൽ ഓണവിപണി ഉണരും. 14 വരെയാണ് ഓണച്ചന്തകൾ. ജില്ലാതല ചന്തകൾ നാളെ മുതൽ 14 വരെ. 13 ഇനം സബ്സിഡി സാധനങ്ങൾക്കു പുറമേ ശബരി ഉൽപന്നങ്ങളും എഫ്എംസിജി, മിൽമ, കൈത്തറി എന്നിവയുടെ ഉൽപന്നങ്ങളും പഴം, ജൈവ പച്ചക്കറികൾ എന്നിവയും മേളയിൽ 10 മുതൽ 50% വരെ വിലക്കുറവിൽ ലഭിക്കും. പ്രമുഖ ബ്രാൻഡുകളുടെ ഇരുനൂറിലധികം നിത്യോപയോഗ സാധനങ്ങൾക്കു വിലക്കുറവുണ്ടാകും.
255 രൂപയുടെ 6 ശബരി ഉൽപന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റ് ആണ് മറ്റൊരു ആകർഷണം. നിലവിൽ നൽകുന്നതിനു പുറമേ 10% വരെ അധിക വിലക്കുറവ് നൽകുന്ന ഡീപ് ഡിസ്കൗണ്ട് അവേഴ്സ്, പ്രമുഖ ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് ആകർഷകമായ കോംബോ–ബൈ വൺ ഗെറ്റ് വൺ ഓഫറും ലഭിക്കും. ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു വൈകിട്ട് 5നു തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ.കെ.നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.