Site icon CTV Online

ഓമശ്ശേരി കല്ലുരുട്ടിയിലെ എസ് എം എ ബാധിതരായ കുരുന്നുകൾക്ക് കരുതലായി തോട്ടുമുക്കം ഫൊറോന; കാരുണ്യ ബിരിയാണി ചലഞ്ച് വൻ വിജയം

മുക്കം : അപൂർവ്വ രോഗമായ എസ് എം എ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കല്ലുരുട്ടിയിലെ പിഞ്ചുകുഞ്ഞുങ്ങൾക്ക് കൈത്താങ്ങായി തോട്ടുമുക്കം ഫൊറോനയുടെ കാരുണ്യ ബിരിയാണി ചലഞ്ച്. നാടിന്റെ ഒന്നാകെയുള്ള പിന്തുണയോടെ നടന്ന ചലഞ്ചിൽ നാലായിരത്തോളം ബിരിയാണികളാണ് വിതരണം ചെയ്തത്. മുൻപും കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി എട്ട് ലക്ഷത്തോളം രൂപ സമാഹരിച്ച് നൽകിയതിന്റെ തുടർച്ചയായാണ് ഈ കാരുണ്യ മുന്നേറ്റം.

കല്ലുരുട്ടിയിലെ എസ് എം എ ബാധിച്ച കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിന് കരുത്തേകുകയാണ് തോട്ടുമുക്കം ഫൊറോനയിലെ വിശ്വാസസമൂഹവും നാട്ടുകാരും. കത്തോലിക്ക കോൺഗ്രസ് തോട്ടുമുക്കം ഫൊറോനയുടെ നേതൃത്വത്തിലാണ് കാരുണ്യ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.

തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന വികാരിയും കത്തോലിക്ക കോൺഗ്രസ് ഫൊറോന ഡയറക്ടറുമായ റവ. ഫാദർ ബെന്നി കാരക്കാട്ടിന്റെ നേതൃത്വത്തിൽ നടന്ന ചലഞ്ചിൽ ഫൊറോനയിലെ എല്ലാ ഇടവകകളും സജീവമായി പങ്കാളികളായി. ജാതിമതഭേദമെന്യെ വലിയ ജനപങ്കാളിത്തമാണ് ബിരിയാണി ചലഞ്ചിന് ലഭിച്ചത്.

നാലായിരത്തോളം ബിരിയാണികളാണ് തയ്യാറാക്കി വിതരണം ചെയ്തത്. ചലഞ്ചിലൂടെ ലഭിക്കുന്ന തുക പൂർണ്ണമായും കുരുന്നുകളുടെ ചികിത്സയ്ക്കായി കൈമാറും. മുൻപും ഇടവകയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ എട്ട് ലക്ഷത്തോളം രൂപ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി നൽകിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇത്തവണ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.

തോട്ടുമുക്കം ഫൊറോനയിലെ കത്തോലിക്ക കോൺഗ്രസ് പ്രവർത്തകർ, വൈദിക ശ്രേഷ്ഠർ, മാതൃവേദി, കെ.സി.വൈ.എം, വിൻസെന്റ് ഡി പോൾ സൊസൈറ്റി, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൈക്കാരന്മാർ, സി.എം.സി സിസ്റ്റേഴ്സ്, ഹോണസ്റ്റി കാറ്ററിംഗ് ടീം തുടങ്ങി നിരവധി പേരുടെ നിസ്വാർത്ഥ സേവനമാണ് ചലഞ്ച് വൻ വിജയമാക്കി മാറ്റിയത്.

രോഗത്തോട് പൊരുതുന്ന കുരുന്നുകൾക്ക് താങ്ങായി മാറിയ തോട്ടുമുക്കം ഫൊറോനയുടെയും നാട്ടുകാരുടെയും ഈ കാരുണ്യ പ്രവർത്തനം മാതൃകാപരമാണ്.

Exit mobile version