ഓമശേരിയിൽ കുടുംബകലഹത്തെ തുടർന്ന് പ്ലാവിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ ആളെ അനുനയിപ്പിച്ച് താഴെയിറക്കി

ഓമശേരി : കുടുംബ കലഹത്തെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കി പ്ലാവിൽ കയറി കഴുത്തിൽ കുരുക്കിട്ട് കൈയിൽ വിഷ പദാർത്ഥവുമായി പരിഭ്രാന്തി സൃഷ്ടിച്ച ആളെ അനുനയിപ്പിച്ച് താഴെയിറക്കി. തെങ്ങുകയറ്റ തൊഴിലാളിയായ വെളിമണ്ണ സ്വദേശി കിഴക്കേപറമ്പിൽ കൃഷ്ണൻ(62) എന്നയാളെയാണ് മുക്കത്ത് നിന്നെത്തിയ അഗ്നി ശമന സേനയും താമരശ്ശേരി പോലീസും ജനപ്രതിനിധികളും ചേർന്ന് താഴെയിറക്കി രക്ഷപ്പെടുത്തിയത്.ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മകൾ ഭർത്താവുമായി അകന്ന് കഴിയുകയാണ്. ഇവർ തമ്മിൽ സാമ്പത്തിക ബാധ്യതകൾ സംബന്ധിച്ച് തർക്കമുണ്ടായിരുന്നു.

ഇത് മധ്യസ്ഥൻമാർ വഴി പറഞ്ഞു തീർക്കുന്നതിനുള്ള ശ്രമം കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. ഇതിൽ തീരുമാനമാകാതെ തിരികെയിറങ്ങില്ലെന്ന് വാശിപിടിച്ച ഇയാളെ ഒന്നര മണിക്കൂറോളം നേരത്തെ അനുനയ ശ്രമങ്ങളെ തുടർന്നാണ് താഴെയിറക്കാനായത്. മുക്കം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂർ, താമരശ്ശേരി പോലീസ് ഇൻസ്‌പെക്ടർ സായൂജ്, വാർഡ് മെമ്പർമാർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് അനുനയ ശ്രമം നടന്നത്.

error: Content is protected !!