ഓമശ്ശേരി, തോട്ടില്‍ വെള്ളത്തിൽ നുരഞ്ഞുപൊങ്ങി വെളുത്ത പത, ആശങ്കക്കൊടുവില്‍ കാരണം കണ്ടെത്തി നാട്ടുകാര്‍

ഓമശ്ശേരി: തോട്ടില്‍ നിറയെ നുരഞ്ഞുപൊന്തിയ വെളുത്ത പത കണ്ട് ആശങ്കയിലായി നാട്ടുകാര്‍. ഓമശ്ശേരി പഞ്ചായത്തിലെ 31ാം ഡിവിഷനായ മുണ്ടുപാറ നിവാസികളാണ് അസാധാരണമായ പ്രതിഭാസം കണ്ട് ഭീതിയിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് കാരണം ബോധ്യപ്പെടുകയായിരുന്നു. പ്രദേശത്തുള്ള പെയിന്റ് ഗോഡൗണിലെ രാസമാലിന്യം തോട്ടിലേക്ക് ഒഴുക്കിവിട്ടതിന്റെ ഭാഗമായാണ് പത ഉയര്‍ന്നുവന്നത്.

ഇന്നലെ വൈകീട്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. തോട്ടിലെ വള്ളം പോലും കാണാത്ത തരത്തിൽ മിക്ക ഭാഗങ്ങളിലും പത ഉയർന്നുവരികയായിരുന്നു. രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതായും നാട്ടുകാർ പറഞ്ഞു. വാർഡിൽ പനിയും മഞ്ഞപ്പിത്തവും വ്യാപകമാണ്. തോടിന് സമീപങ്ങളിലായി നിരവധി വീടുകളിലെ കിണറുകളും സ്ഥിതിചെയ്യുന്നുണ്ട്. രാസമാലിന്യം ഒഴുക്കിവിട്ടതോടെ കുടിവെള്ള സ്രോതസ്സും മലിനപ്പെടുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ നാട്ടുകാർ.

ഗോഡൗൺ ഒഴിഞ്ഞുപോകുന്നതിനാൽ ശുചീകരണത്തിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന രാസപദാർത്ഥങ്ങൾ ഒഴിവാക്കുകയായിരുന്നു എന്നാണ് കമ്പനി അധികൃതർ പറയുന്നത്. തോട്ടിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതായും പരാതി ഉയർന്നിട്ടുണ്ട്. പഞ്ചായത്ത് ആരോഗ്യംവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.

error: Content is protected !!