നവജാതശിശുവിനെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തി; മാതാവ് അറസ്റ്റിൽ

പത്തനംതിട്ട: തിരുവല്ലയിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. മല്ലപ്പള്ളി സ്വദേശിനി നീതു(20) ആണ് അറസ്റ്റിലായത്. കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നീതു പെൺകുഞ്ഞിന് ജന്മം നൽകിയത്. സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിലെ ക്ലോസറ്റിലായിരുന്നു പ്രസവം. കൊലപാതകത്തിൽ നീതുവിന്റെ കാമുകനായ തൃശൂർ സ്വദേശിയുടെ പങ്കും പൊലീസ് അന്വേഷിക്കുകയാണ്.

മല്ലപ്പള്ളിയിലെ സ്വകാര്യാശുപത്രിയിൽ താല്കാലിക ജീവനക്കാരിയാണ് നീതു. ഗർഭിണിയായ വിവരം ബന്ധുക്കളോടോ സുഹൃത്തുക്കളോടോ നീതു പറഞ്ഞിരുന്നില്ല. ഇത് മറച്ചു വച്ച് വരികയായിരുന്നു. വെള്ളിയാഴ്ച രാവിലെ രക്തസ്രാവം കണ്ടതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ ബാത്‌റൂമിൽ ചെന്ന് നോക്കുമ്പോഴാണ് കുഞ്ഞിനെ കാണുന്നത്. മരിച്ചനിലയിലായിരുന്നു കുഞ്ഞ്. ഗീതുവിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല.

തുടർന്നാണ് കുഞ്ഞിന്റേത് കൊലപാതകമാണെന്ന സംശയം ഉടലെടുക്കുന്നത്. അവിവാഹിതയാണ് താനെന്നും സുഹൃത്തിൽ നിന്നാണ് ഗർഭിണിയായതെന്നും നീതു പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് ശ്വാസകോശത്തിൽ വെള്ളം കയറിയാണ് കുഞ്ഞിന്റെ മരണം എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മടിയിലിരുത്തി കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളമൊഴിച്ചാണ് നീതു കൊലപ്പെടുത്തിയതെന്ന് വ്യക്തമാകുന്നത്. പിന്നാലെ ഇന്നലെ നീതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തെളിവെടുപ്പിന് ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം.

error: Content is protected !!