Site icon CTV Online

അരിയും ഗോതമ്പും വാങ്ങാൻ റേഷൻ കടയിൽ ഇനി ഏറെ നേരം ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട; വരുന്നൂ ഗ്രെയ്ൻ എ.ടി.എം

കോഴിക്കോട്: അരിയും ഗോതമ്പും വാങ്ങാൻ റേഷൻകടയിൽ ഏറെനേരം ക്യൂ നിൽക്കേണ്ടി വരില്ല. 24 മണിക്കൂറും പ്രവർത്തിക്കുന്ന എ.ടി.എം. മാതൃകയിലുള്ള സംവിധാനം (ഗ്രെയ്ൻ എ.ടി.എം.) വരുന്നു. അഞ്ച് മിനിറ്റുകൊണ്ട് 50 കിലോഗ്രാം വരെ ധാന്യം സഞ്ചിയിൽ നിറയും. ഗ്രെയ്ൻ എ.ടി.എമ്മിൽ ഗുണഭോക്താവിന്റെ റേഷൻകാർഡ് നമ്പർ ടൈപ്പ് ചെയ്തശേഷം വിരലടയാളം പതിപ്പിക്കുന്ന ബയോമെട്രിക് സംവിധാനത്തിലൂടെയായിരിക്കും പ്രവർത്തനം.

‘അന്നപൂർത്തി’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. സംസ്ഥാനസർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ്‌ പദ്ധതി കേരളത്തിൽ നടപ്പാക്കാനൊരുങ്ങുന്നത്. റേഷൻകടയോട് ചേർന്നായിരിക്കും യന്ത്രം സ്ഥാപിക്കുക. ധാന്യം നിറയ്‌ക്കുന്നതിനുള്ള ചുമതല കടയുടമയ്ക്കായിരിക്കും. 2,500 കിലോഗ്രാം വരെയാണ്‌ ഇതിൽ നിറയ്ക്കാനാകുക. സോളാർ പാനലുകൾ, ഇൻവെർട്ടർ ബാറ്ററികൾ എന്നിവ ഉപയോഗിച്ചായിരിക്കും ഗ്രെയ്ൻ എ.ടി.എം. പ്രവർത്തിക്കുക.

പരീക്ഷണാടിസ്ഥാനത്തിൽ എറണാകുളം ജില്ലയിൽ ആദ്യം പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിന്റെ മണ്ഡലമായ പിറവത്തിനാണ്‌ മുഖ്യപരിഗണന. ഒഡിഷ, ഉത്തർപ്രദേശ്, ഹരിയാണ സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയിട്ടുണ്ട്.

Exit mobile version