
Local News
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാക്സിനേഷൻ പ്രവർത്തനങ്ങൾ ദ്രുത ഗതിയിൽ പുരോഗമിക്കുമ്പോൾ കോ വാക്സിനോടുള്ള ആളുകളുടെ സമീപനം പ്രതിരോധ പ്രവർത്തനങ്ങൾക്ക് തന്നെ തിരിച്ചടിയാവുന്നു. കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിൻ സ്വീകരിക്കാൻ മിക്കവരും തയാറാവാത്തത് ആരോഗ്യപ്രവർത്തകരെയും പ്രതിസന്ധിയിലാക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് മെമ്പർമാർ മുഖേന വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്ന ഭൂരിഭാഗം പേർക്കും കൊവിഷീൽഡാണ് വേണ്ടത്. കൊവിൻ സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്കും കൊവിഷീൽഡിനോടാണ് താൽപര്യം. മിക്ക ആരോഗ്യ കേന്ദ്രങ്ങളിലും ഇരു വാക്സിനുകളും എത്തുന്നുണ്ടെങ്കിലും കൊവാക്സിൻ സ്വീകരിക്കാൻ പലരും തയാറാവുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ഓരോ ദിവസവും ലഭ്യമായ ഇരു വാക്സിനുകളുടെയും നിശ്ചിത എണ്ണത്തിനനുസരിച്ചാണ് വാർഡ് മെമ്പർമാരും ആശാവർക്കർമാരും കൊവിഡ് ക്യാംപുകളിലേക്ക് ആളുകളെ എത്തിക്കുന്നത്. എന്നാൽ കൊവാക്സിൻ വേണ്ടെന്നും കൊവിഷീൽഡ് മതിയെന്നുമാണ് ഭൂരിഭാഗം പേരും ആശാവർക്കർമാർ ഉൾപ്പെടെയുള്ളവരെ അറിയിക്കുന്നത്. ഓക്സ്ഫോർഡ് സർവകലാശാലയും ഫാർമ കമ്പനിയായ ആസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത കൊവിഷീൽഡ് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ നിർമിക്കുന്നത്. വിദേശരാജ്യങ്ങൾ അംഗീകരിച്ച വാക്സിൻ ആയതുകൊണ്ടാണ് കൊവിഷീൽഡ് സ്വീകരിക്കാൻ ആളുകൾക്ക് താൽപര്യം. ഇരു വാക്സിനുകൾക്കും ഒരേ ഫലപ്രാപ്തിയാണെന്നും ഉടനടി വിദേശത്തേക്ക് പോവാൻ സാധ്യതയില്ലാത്തവർ കൊവാക്സിൻ സ്വീകരിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും ചെറുവാടി സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. മനുലാൽ പറയുന്നു.
ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്സിൻ ഉടൻതന്നെ വിദേശരാജ്യങ്ങൾ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രണ്ട് വാക്സിനുകളും മനുഷ്യ കോശങ്ങളെ ബാധിക്കുന്ന കൊറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിനെയാണ് ലക്ഷ്യമിടുന്നത്. എല്ലാ വാക്സിനുകളുടെയും പ്രവർത്തന രീതി സമാനമാണെന്നും ചില തെറ്റായ വാർത്തകളും ആളുകൾക്ക് കൊവാക്സിനോടുള്ള താൽപര്യം കുറയാൻ കാരണമാകുന്നതായും ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഒട്ടുമിക്ക വാക്സിനേഷൻ ക്യാമ്പുകളിലും ഇപ്പോൾ കൂടുതലായി ലഭിക്കുന്നതും കോ വാക്സിനാണ്’. പല സ്ഥലങ്ങളിലും കോവി ഷീൽഡ് വാക്സിൻ പെട്ടന്ന് തീർന്നു പോവുമ്പോൾ കോ വാക്സിൻ ബാക്കി വരുന്ന സാഹചര്യവുമുണ്ട്. ഇതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
