
newsdesk
കോഴിക്കോട്∙ അധ്യാപകർക്ക് ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റിനും പോസ്റ്റൽ ബാലറ്റിനും അപേക്ഷിക്കാൻ നാളെ വൈകിട്ടു വരെ മാത്രം സമയം. പരിശീലന ക്ലാസുകളിൽ അപേക്ഷാഫോം കൊടുക്കാത്തതിനാൽ ജീവനക്കാർ ആശങ്കയിൽ. തിരഞ്ഞെടുപ്പ് ജോലി ചെയ്യുന്ന അധ്യാപകർക്ക് ഇത്തവണ ഡ്യൂട്ടി സർട്ടിഫിക്കറ്റ് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതതു മണ്ഡലത്തിലാണ് ജോലി എങ്കിൽ ബൂത്തിൽപോയി വോട്ടുചെയ്തു വരാനുള്ള സൗകര്യമാണ് ഒരുക്കുക. മറ്റൊരു മണ്ഡലത്തിലാണു തിരഞ്ഞെടുപ്പു ജോലിയെങ്കിൽ ആ മണ്ഡലത്തിൽ വോട്ടുചെയ്യാൻ ഒരു കേന്ദ്രം ഒരുക്കുന്നതാണ് പരിഗണിക്കുന്നത്. പതിവായി തിരഞ്ഞെടുപ്പ് പരിശീലന ക്ലാസുകളിൽ വച്ചാണ് അപേക്ഷകൾ ഉദ്യോഗസ്ഥർക്കു കൈമാറുക. എന്നാൽ, കഴിഞ്ഞ പരിശീലന ക്ലാസിൽ പങ്കെടുത്ത ജീവനക്കാരോട് രണ്ടാമത്തെ ക്ലാസിലാണ് അപേക്ഷാഫോം കൊടുക്കുകയെന്നാണ് അറിയിച്ചതെന്ന് അധ്യാപകർ പറഞ്ഞു.
ഇതിനിടെയാണ് നാളെ വൈകിട്ട് 5നു മുൻപ് അപേക്ഷ സമർപ്പിക്കണണമെന്ന് അറിയിപ്പു വന്നത്.അധ്യാപകർക്ക് ഏതു മണ്ഡലത്തിലാണ് ജോലിയെന്ന അറിയിപ്പ് ഇന്നലെ രാത്രി വരെ നൽകിയിട്ടില്ല. എന്നാൽ അപേക്ഷയിൽ ഇക്കാര്യം കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും അധ്യാപകർ പറഞ്ഞു.
