newsdesk
കുന്നമംഗലം∙ എൻഐടിക്ക് മുന്നിൽ സംഘർഷം. പുതിയതായി നിയമിച്ച ജീവനക്കാർ ക്യാംപസിലേക്ക് കയറുന്നത് നിലവിലെ ജീവനക്കാർ തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. പുതിയതായി എത്തിയ ശുചീകരണ തൊഴിലാളികളെ ക്യാംപസിലേക്ക് കടക്കാൻ ഇതുവരെ അനുവദിച്ചില്ല. നിലവിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി, ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കുന്നതിനെതിരെയാണ് സമരം നടത്തുന്നത്. ഇന്നലെ മുതലാണ് ക്യാംപസിന് മുന്നിൽ പന്തൽ കെട്ടി സമരം ആരംഭിച്ചത്. പ്രധാന ഗെയ്റ്റിന് മുന്നിൽ ഉപരോധം നടക്കുന്നതിനാൽ ഡയറക്ടർ ഉൾപ്പെടെയുള്ളവർ മറ്റൊരു വഴിയിലൂടെയാണ് ക്യാംപസിൽ പ്രവേശിച്ചത്. ഇതിനിടെ ഓഫിസ് ജീവനക്കാരോട് ശുചീകരണത്തൊഴിൽ ചെയ്യാൻ തയാറാകണമെന്നും നിർദേശം നൽകി.
അടുത്ത മാസം മുതൽ 55 വയസ്സ് കഴിഞ്ഞവരെ ജോലിക്കു വയ്ക്കേണ്ടെന്ന നിർദേശമാണ് റജിസ്ട്രാർ കരാർ കമ്പനികൾക്ക് നൽകിയത്. നിലവിൽ 11 സൂപ്പർവൈസർ, 140 സെക്യൂരിറ്റി ഗാർഡ്, 12 ഡ്രൈവർ കം സെക്യൂരിറ്റി, 171 ശുചീകരണ തൊഴിലാളികൾ എന്നിവരാണ് എൻഐടിയിൽ ജോലി ചെയ്തിരുന്നത്. ഇത്തവണ ശുചീകരണ തൊഴിലാളികളുടെ എണ്ണം 150 ആയും സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം 119 ആയും കുറച്ചു.
പ്രായ നിബന്ധനയ്ക്ക് പുറമേ ജോലിയിൽ 35 ശതമാനം വിമുക്തഭടന്മാർക്കും 10 ശതമാനം വനിതകൾക്കും മാറ്റിവയ്ക്കാനും ആവശ്യപ്പെട്ടതോടെ നിലവിലുള്ള 80 ശതമാനം പേർക്കും ജോലി നഷ്ടമാകും. നേരത്തേ, സെക്യൂരിറ്റി ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും 60 വയസ്സു വരെ ജോലിയിൽ തുടരാൻ അനുവദിച്ചിരുന്നു. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് പ്രായ നിബന്ധന ബാധകമാക്കി നിലവിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരെ 60 വയസ്സു വരെ തുടരാൻ അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പിരിച്ചുവിട്ടാൽ ജോലി നഷ്ടപ്പെടുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.