NEWSDESK
കുന്നമംഗലം∙ എൻഐടിയിലെ സെക്യൂരിറ്റി ജീവനക്കാരെയും ശുചീകരണത്തൊഴിലാളികളെയും കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ നടത്തുന്ന സമരം ഫലം കണ്ടു . തുടർച്ചയായ അഞ്ചാം ദിവസവും സമരം തുടരുന്നതിനിടെ സമരസമിതി നേതാക്കളും എൻഐടി ഡയറക്ടർ പ്രസാദ് കൃഷ്ണയും തമ്മിൽ നടത്തിയ ചർച്ചയാണ്സമവായത്തിൽ എത്തിയത് .ക്യാംപസിന് മുന്നിൽ പന്തൽകെട്ടി സമരം തുടരുകയായിരുന്നു ജീവനക്കാർ. വരും ദിവസങ്ങളിൽ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പന്തൽ കെട്ടി സമരം ആരംഭിച്ചത്. ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ രണ്ട് ദിവസം മുൻപാണ് സംയുക്ത തൊഴിലാളി യൂനിയൻ നേതൃത്വത്തിൽ സമരം ആരംഭിച്ചത്.
ഇതിനിടെ സമരത്തിൽ പങ്കെടുത്തവർ ജോലിക്ക് വരേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം നിർദേശം വന്നു. ഓഫിസ് ജീവനക്കാരോടുൾപ്പെടെ ശുചീകരണ തൊഴിൽ ചെയ്യാൻ തയാറാകണമെന്നും നിർദേശമുണ്ടായി. ഇതോടെയാണ് സമരം കൂടുതൽ ശക്തമാക്കിയത്. എൻഐടിയുടെ പ്രവർത്തനം താളം തെറ്റുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതോടെ എൻഐടി അധികൃതർ ചർച്ചക്ക് തയ്യാറാവുകയായിരുന്നു.
നിലവിൽ 11 സൂപ്പർവൈസർ, 140 സെക്യൂരിറ്റി ഗാർഡ്, 12 ഡ്രൈവർ കം സെക്യൂരിറ്റി, 171 ശുചീകരണ തൊഴിലാളികൾ എന്നിവരാണ് എൻഐടിയിൽ ജോലി ചെയ്തിരുന്നത്. ഇതിൽ ശുചീകരണതൊഴിലാളികളുടെ എണ്ണം 150 ആയും സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം 119 ആയും കുറച്ചു.അടുത്ത മാസം മുതൽ 55 വയസ്സ് കഴിഞ്ഞവരെ ജോലിക്കു വയ്ക്കേണ്ടെന്ന നിർദേശം റജിസ്ട്രാർ കരാർ കമ്പനികൾക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ ചർച്ച ഫലം കണ്ടതോടെ എല്ലാ തൊഴിലാളികൾക്കും ജോലിയിൽ തുടരാൻ അനുമതിയായി ,സാധാരണ 60 വയസുവരെ ആർക്കും ജോലി നഷ്ട്ടപെടുമെന്ന ഭീതി വേണ്ട ,നിലവിലെ സെക്യൂരിറ്റി ജീവനക്കാരുടെ ശാരീരിക ക്ഷമത പരിശോധിക്കാൻ മാത്രമെ ചർച്ചയിൽ തീരുമാനം എടുത്തിട്ടുള്ളു .സിഐടിയു നേതാവ് ഇ .പി വിനോദ് കുമാർ ,ഐ ൻ ടി യു സി നേതാവ് ദിനേശ് പെരുമണ്ണ ,ബി .എം എസ് നേതാവ് പ്രകാശ് ,എന്നിവർ ചർച്ചയിൽ പങ്കെടുത്തു