Site icon CTV Online

നിലമ്പൂരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്ന സംഭവം;ഗ്യാസ്അടുപ്പിൽ ചായ ഉണ്ടാക്കുന്നതിനെ തുടർന്ന് ഉണ്ടായ വഴക്ക്

നിലമ്പൂർ :കരുളായി കുണ്ടുങ്ങലിൽ ഭർത്തൃമാതാവിന്റെ വെട്ടേറ്റു മരിച്ച രജിലയുടെ കൊലപാതകത്തിനു സാക്ഷിയായത് ഇവരുടെ പത്തും നാലും വയസ്സുള്ള പെൺകുട്ടികളാണ്. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള കുടുംബപ്രശ്‌നത്തിൽ അനാഥരായത് ഈ ചെറിയ രണ്ടു കുട്ടികളാണ്. അച്ഛൻ സുനിൽബാബു ജോലിക്കുപോയ സമയത്താണ് രജിലയെ ശാന്ത വെട്ടിക്കൊലപ്പെടുത്തിയത്. കുട്ടികളുടെ കരച്ചിൽ കേട്ടാണ് അയൽക്കാർ ഓടിയെത്തിയതും രജിലയെ ആശുപത്രിയിലേക്കു കൊണ്ടുപോയതും

തിങ്കളാഴ്ച വെളുപ്പിന് ആറരയോടെയാണ് സംഭവം. ചായയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പറയുന്നു. ഓട്ടോ തൊഴിലാളിയായ സുനിൽബാബു ഈ സമയം ജോലിക്കുപോയിരുന്നു.

രജിലയും ശാന്തയും രജിലയുടെ രണ്ട് പെൺകുട്ടികളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ ഗ്യാസ് അടുപ്പിൽ ചായ ഉണ്ടാക്കുന്നതിൽ രജിലയും ശാന്തയും തമ്മിൽ വഴക്കുണ്ടായി. ശാന്ത ഉണ്ടാക്കിയ ചായ രജില എടുത്തുകളഞ്ഞതാണ് പ്രകോപനത്തിനു കാരണം. പ്രകോപിതയായ ശാന്ത അരിവാൾ ഉപയോഗിച്ച് രജിലയെ വെട്ടി.
കരച്ചിൽകേട്ട് ഓടിയെത്തിയ നാട്ടുകാർ രജിലയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മഞ്ചേരി മെഡിക്കൽ കോേളജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം വൈകുന്നേരം ആറുമണിയോടെ കൊയലമുണ്ടയിലെ രജിലയുടെ ബന്ധുവീട്ടിലെത്തിച്ചു. കരുളായിയിൽ താമസിക്കുന്ന രാജൻ-വത്സല ദമ്പതിമാരുടെ മകളാണ് മരിച്ച രജില. മക്കൾ: തീർത്ഥ സുനിൽ, ഹൃദിക സുനിൽ.

പൂക്കോട്ടുംപാടം പോലീസ് ഇൻസ്‌പെക്ടർ എം. സനൽരാജ് അറസ്റ്റ്‌ചെയ്ത ശാന്തയെ വൈകുന്നേരത്തോടെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. എസ്.ഐ. അബ്ദുൾ നാസർ, എ.എസ്.ഐ. ജാഫർ, സി.പി.ഒ.മാരായ ഷബ്‌ന, ജംഷാദ്, സിയാദ്, ജിഷ, അനിൽ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

രാവിലെ ആറരയോടെ പുളിക്കത്തടത്തിൽ വീട്ടിൽനിന്ന് കുട്ടികളുടെ കരച്ചിൽകേട്ടാണ് കുണ്ടുങ്ങലിലെ നാട്ടുകാർ വീട്ടിലേക്ക് ഓടിച്ചെന്നത്. ഇവരെത്തുമ്പോൾ കിടപ്പുമുറിയിൽ വെട്ടേറ്റ് ചോരയിൽ കുളിച്ചു കിടക്കുന്ന രജിലയെയും കരയുന്ന കുട്ടികളെയുമാണ് കണ്ടത്. ഈസമയം കൈയിലെ ചോര കഴുകിക്കളയുകയായിരുന്നു ശാന്തയെന്ന് നാട്ടുകാർ പറഞ്ഞു. എന്താണു നടന്നതെന്ന് നാട്ടുകാർ ചോദിച്ചെങ്കിലും ശാന്ത മറുപടിയൊന്നും പറയാതെ നിന്നു. അവസാനശ്വാസത്തിനായി പിടയുന്ന രജിലയെ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാരുടെയും മെമ്പർ ഉമ്മുസൽമ അസൈനാരുടെയും നേതൃത്വത്തിലാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുമ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് പറയുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴും രക്തത്തിൽ കുതിർന്ന നൈറ്റിയും ധരിച്ച് സ്ഥലത്ത് നിൽപ്പായിരുന്നു പ്രതി ശാന്ത. ഉടനെ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പിന്നീട് ശാന്തയെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെടുത്തു. വൈകീട്ട് നാലരയോടെയാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തിനുപയോഗിച്ച കത്തി അടുക്കളഭാഗത്ത് അടുപ്പിനടിയിലായി സൂക്ഷിച്ചനിലയിൽ കണ്ടെത്തി.

പൂക്കോട്ടുംപാടം പോലീസ് ഇൻസ്പെക്ടർ എം. സനൽ രാജിന്റെയും എസ്.ഐ.മാരായ ജെയിംസ് ജോൺ, നാസർ, ദിനേഷ്, എ.എസ്.ഐ. ജാഫർ എന്നിവരുടെയും നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

മലപ്പുറത്തുനിന്നെത്തിയ വിരലടയാള വിദഗ്ധൻ പി. നൂറുദ്ദീൻ, സയന്റിഫിക് ഓഫീസർ ഇഷാഖ്, ഫോട്ടോഗ്രാഫർ പി. വിമൽ എന്നിവരുടെ നേതൃത്വത്തിൽ തെളിവുകൾ ശേഖരിച്ചു.

Exit mobile version