Web Desk
കോഴിക്കോട് നടക്കുന്ന ദേശീയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നവംബർ 28ന് മിസോറാമിനെ നേരിടുന്ന കേരളാടീമിൻ്റെ ആക്രമണ നിരയെ നയിക്കുന്നത് മുക്കം സ്വദേശിയായ നിധിയാ ശ്രീധരൻ. കോഴിക്കോട് സ്വദേശി തന്നെയായ ടി. നിഖില നയിക്കുന്ന ടീമിനെ അമൃത അരവിന്ദ് ആണ് പരിശീലിപ്പിക്കുന്നത്. ഈയിടെ എറണാകുളത്ത് സമാപിച്ച സംസ്ഥാന സീനിയർ വനിതാ ചാമ്പ്യൻ ഷിപ്പിൽ തൃശൂർ ചാമ്പ്യൻമാരായത് നിധിയയുടെ ഗോളടി മികവിലൂടെയായിരുന്നു . ടൂർണമെൻ്റിലെ ടോപ് സ്കോററും ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജിൽ നിന്ന്എക്കണോമിക്സിൽ ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയ നിധിയ തന്നെയായിരുന്നു.
ഒഴിവു സമയങ്ങളിൽ മാമ്പറ്റയിലുള്ള മുക്കം ഫുട്ബോൾ അക്കാദമിയിൽ പ്രാക്റ്റീസിനും കുഞ്ഞു താരങ്ങളുടെ പരിശീലകയായും എത്താറുള്ള നിധിയ ഇത് നാലാം തവണയാണ് കേരളത്തിൻ്റെ സീനിയർ ടീം ജഴ്സിയണിയാൻ തെരഞ്ഞെടുക്കപ്പെടുന്നത്. 2016 പഞ്ചായിലും 2018ൽ ഒഡീഷയിലും 2020ൽ അരുണാചൽ പ്രദേശിലും നടന്ന ചാമ്പ്യൻഷിപ്പുകളിലും നിധിയ കേരളത്തിനായി ബൂട്ട് കെട്ടിയിട്ടുണ്ട്.
പഴയകാല ഫുട്ബോൾ താരമായ ആനയാംകുന്ന് കുവ്വപ്പാറമ്മൽ ശ്രീധരൻ്റേയും രാധാമണിയുടെയും ഇളയ മകളായ നിധിയയിലെ ഫുട്ബോൾ ടാലൻ്റ് കണ്ടെത്തുന്നത്, ആനയാംകുന്ന് ഹയർ സെക്കൻ്ററി സ്കൂളിലെ കായികാദ്ധ്യാപകനായ സുധീർ മാഷാണ്.
ജില്ലാ സ്കൂൾ മീറ്റിൽ ജാവലിൽ ത്രോയിൽ മെഡൽ ജേതാവായ നിധിയ ആനയാംകുന്ന് സ്കൂളിൽ ഫുട്ബോൾ ടീം രൂപീകരിച്ചതാടെയാണ് തൻ്റെ ഇഷ്ടവിനോദമായ ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആ വർഷം തന്നെ കോഴിക്കോട് ജില്ലാ സീനിയർ ടീമിലേക്ക് സെലക്ഷൻ ലഭിച്ചതോടെ കൂടുതൽ ആവേശമായി.
അന്നത്തെ ഹെഡ്മിസ്ട്രസ് പത്മാവതി ടീച്ചറുടെ കൂടി പ്രാേത്സാഹനത്തോടെയാണ്
പ്ലസ് ടു പഠനം തിരുവനന്തപുരം അയ്യങ്കാളി സ്കൂളിലെ സ്പോർട്സ് ഡിവിഷനിലേക്ക് മാറുന്നത്. അത് ശരിക്കും ഒരു വഴിത്തിരിവായിരുന്നു.
2015ൽ സേലത്ത് നടന്ന സ്കൂൾ നാഷണലിൻ സംസ്ഥാന ജഴ്സി അണിഞ്ഞ നിധിയ പിന്നെ തിരിഞ്ഞു നോക്കിയില്ല.
2016 ൽ ചെന്നൈയിലും, 2017ൽ ചിദംബരത്തും 2018ൽ തമിഴ്നാട് ഫിസിക്കൽ എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ഗ്രൗണ്ടിലും 2019 ൽ അണ്ണാമലൈ യൂണിവേഴ്സിറ്റിയിലും 2020ൽ ബാംഗ്ലൂരിലും നടന്ന സൗത്ത് സോൺ ഇൻ്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പുകളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ജഴ്സിയണിഞ്ഞു 2020ൽ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിലാദ്യമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്‌സ് ആപ് ആയപ്പോഴും ഇടങ്കാലുകൊണ്ടു ഗ്രൗണ്ടിൽ വിസ്മയം തീർത്ത് കൊണ്ട് നിധിയയും ടീമിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ ദേശീയ വനിതാ ക്ലബ് ഫുട്ബോൾ ചാമ്പ്യൻമാരായ ഗോകുലം കേരളാ ടീമിലും നിധിയക്ക് വിളിയെത്തിയിരുന്നെങ്കിലും മൽസരങ്ങളിൽ കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല.
പഠനത്തിലും മിടുക്കിയായ നിധിയ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജിലാണ് ബിരുദ പഠനത്തിന് ചേർന്നത്.തുടർന്ന് അവിടെ നിന്നു തന്നെ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.
ഇപ്പോൾ കാലിക്കറ്റ് സർവകലാശാലയിലെ ബി.പി.എഡ് കോഴ്സിൻ്റെ എൻട്രൻസ് പരീക്ഷ കഴിഞ്ഞ് റിസൽട്ട് കാത്തിരിക്കുകയാണ്.
ഫുട്ബോളിന് ഏറെ വളക്കൂറുള്ള മണ്ണാണെങ്കിലും കോടഞ്ചേരിക്കാരൻ മാത്യു വർഗ്ഗീസും
എം എസ്.പി.കോച്ച് ബിനോയ് ജയിംസും അത്ലറ്റിക്സിലേക്ക് ചുവടു മാറിയ കൂടരഞ്ഞിക്കാരി അപർണാ റോയി സബ് ജൂനിയർ തലത്തിൽ രണ്ട് തവണ ദേശീയ ജഴ്സിയണിഞ്ഞതുമൊഴിച്ചാൽ കോഴിക്കോടിൻ്റെ കിഴക്കൻ മലയോര പ്രദേശത്ത് നിന്നും അധികം പേരൊന്നും കേരളത്തിൻ്റെയും ഇന്ത്യയുടെയും ജഴ്സി അണിഞ്ഞ് ഫുട്ബോൾ കളത്തിലിറങ്ങിയിട്ടില്ല. എന്തായാലും സ്വന്തം നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ ദേശീയ മൽസരങ്ങൾക്കിറക്കുന്ന ആവേശത്തിലാണു നിധിയ. നാട്ടുകാരുടെ മുന്നിൽ ദേശീയ കിരീടവുമായി ഈ മുക്കത്തെ പെണ്ണ് മടങ്ങി വരട്ടെ! കേരളത്തിനും നിധിയക്കും വിജയാശംസകൾ.
കടപ്പാട്: അബ്ദുൾ സലിം ഇ .കെ
