
Web Desk
ആയൂരിലെ മാര്‍ത്തോമാ കോളേജിലേക്ക് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന വിഷയത്തിലാണ് കെ.എസ്.യു, എസ്.എഫ്.ഐ, എ.ബി.വി.പി. പ്രവര്‍ത്തകര്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കോളേജ് വളപ്പിലേക്ക് അതിക്രമിച്ചുകയറിയ പ്രതിഷേധക്കാര്‍ കോളേജിന് നേരേ കല്ലെറിയുകയും ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. പോലീസിന് നേരേയും കല്ലേറുണ്ടായി. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.
കെ.എസ്.യു. പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായി കോളേജിലേക്ക് എത്തിയത്. ഇവര്‍ പോലീസിന് നേരേ കല്ലെറിഞ്ഞു. ഇതോടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരേ ലാത്തിവീശി. പിന്നാലെ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെയും പ്രകടനമെത്തി. ഇവര്‍ കോളേജിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുകയും കല്ലെറിയുകയും ചെയ്തതോടെ പോലീസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് നേരേയും ലാത്തിച്ചാര്‍ജ് നടത്തി. ഇതിനിടെ എ.ബി.വി.പിക്കാരും പ്രതിഷേധവുമായി കോളേജിന് മുന്നിലെത്തി കല്ലേറ് നടത്തുകയായിരുന്നു.
