Report: News Desk
കോഴിക്കോട്: ഭരണ സംവിധാനങ്ങളിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്ന ‘നമ്മുടെ കോഴിക്കോട്’ പദ്ധതി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 6ന് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. പദ്ധതി ആസൂത്രണം മുതൽ നടപ്പാക്കൽ വരെയുള്ള ഘട്ടങ്ങളിൽ മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തം വിവര സാങ്കേതിക വിദ്യയിലൂടെ ഉറപ്പാക്കലാണ് ലക്ഷ്യം. ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയിൽ ഉദയം, മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനം, മിഷൻ തെളിനീർ, മിഷൻ ക്ലീൻ ബീച്ച്, മിഷൻ സുന്ദര പാതയോരം, ആരോഗ്യ ജ്വാല, ആരോഗ്യജാഗ്രത, സ്മാർട്ട് ചാലഞ്ച് തുടങ്ങി വിവിധ ഘടകങ്ങൾ നടപ്പാക്കുന്നുണ്ട്.
പദ്ധതിക്കായി മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും ഇതിനോടകം തയാറാക്കി കഴിഞ്ഞിട്ടുണ്ട് . സർക്കാർ ആനുകൂല്യങ്ങൾ, ക്ഷേമപദ്ധതികൾ എന്നിവയുടെ വിശദ വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാകും. പരാതി നൽകൽ, ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്കു സമയം നിശ്ചയിക്കൽ, വിഡിയോ–ഫോൺകോൾ വഴി സംസാരിക്കാനുള്ള സൗകര്യങ്ങൾ എന്നിവയുമുണ്ട്. ജനങ്ങൾക്ക് വാർഡ് തലം മുതലുള്ള അറിയിപ്പുകൾ ലഭ്യമാകും. അടിയന്തര ഘട്ടങ്ങളിൽ സംഭവ സ്ഥലത്തു നിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി ലൊക്കേഷൻ റിപ്പോർട്ട് ചെയ്യാം.
ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടൽ ഇതുവഴി ഉടൻ ഉറപ്പു വരുത്താനാകും. 3 സെക്കൻഡിലേറെ സമയം എസ്ഒഎസ് ബട്ടൺ അമർത്തി അടിയന്തര സഹായം തേടാനുള്ള സംവിധാനവും ആപ്പിലുണ്ട്. സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കുകയും ചെയ്യാം. പ്ലേ സ്‌റ്റോർ വഴിയാണ് മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാക്കുക. മാനാഞ്ചിറ സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ, എ.കെ.ശശീന്ദ്രൻ, ജില്ലയിലെ എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കുമെന്നു കലക്ടർ വി.സാംബശിവ റാവു പറഞ്ഞു.
